ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർഥി പട്ടിക ഈ മാസം 27ന് പുറത്തിറക്കാൻ സിപിഎം. രാവിലെ പിബി നേതാക്കളുടെ യോഗത്തിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി. ശനി, ഞായർ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് സ്ഥാനാർഥി പട്ടിക സംസ്‌ഥാന സമിതിക്കു കൈമാറും. സംസ്‌ഥാന സമിതി 21ന് ചേരാനാണു തീരുമാനം സ്‌ഥാനാർഥികളെ സംബന്ധിച്ച് ഓരോ ജില്ലയിലും പല പേരുകളും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ “ഭ്രമയുഗമാണെന്നും’ ‘ഇനി കാണപ്പോകത് നിജമെന്നും’ നേതാക്കൾ പറയുന്നു.
കൂടുതൽ സീറ്റുകൾ നേടാൻ മുതിർന്ന നേതാക്കളെ രംഗത്തിറക്കാനാണ് ആലോചന കൊട്ടാരക്കര മുൻ എംഎൽഎ ഐഷാ പോറ്റിയുടെ പേരിനാണു കൊല്ലത്ത് മുൻതൂക്കം. പത്തനംതിട്ടയിൽ ടി.എം. തോമസ് ഐസക്, രാജു എബ്രഹാം എന്നിവരുടെ പേരുകൾക്കാണ് പ്രാമുഖ്യം.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്നു മന്ത്രി കെ.രാധാകൃഷ്ണൻ യോഗത്തിൽ വ്യക്തമാക്കി. ആലത്തൂർ മണ്ഡലത്തിലാണു രാധാകൃഷ്‌ണൻ്റെ പേര് ചർച്ചയായത്. 15 സീറ്റിലാണു സിപിഎം മത്സരിക്കുക. കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുനൽകി. കഴിഞ്ഞ തവണ 20 സീറ്റിൽ ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്.
ആലപ്പുഴയിൽ സിറ്റിങ് എംപി എ.എം. ആരിഫ്, തോമസ് ഐസക് എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്. ആരിഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് ജില്ലാ നേതൃത്വത്തിൽ വലിയൊരു വിഭാഗത്തിനു താൽപര്യമില്ലെന്ന് അറിയുന്നു ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എറണാകുളം, പൊന്നാനി, മലപ്പുറം, ചാലക്കുടി സീറ്റുകളിൽ കാര്യമായ ചർച്ചകൾ നടന്നിട്ടില്ല. മലപ്പുറത്ത് പാർട്ടി സ്‌ഥാനാർഥിയുണ്ടായേക്കും. വടകരയിൽ കെ.മുരളീധരനെതിരെ മുതിർന്ന നേതാക്കളെയാണു പരിഗണിക്കുന്നത്.

































