മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ കോടതിയുടെ നിലപാട് നിർണായകമാകും.
ഏതെങ്കിലും വിധത്തിൽ എതിർ പരാമർശങ്ങളുണ്ടാകുമോ എന്ന ആശങ്ക സിപിഎം വൃത്തങ്ങളിലുണ്ട്. മാസപ്പടി ആരോപണത്തിൻ്റെ തുടക്കം മുതൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആക്ഷേപങ്ങളിൽ ശക്തമായ പ്രതിരോധത്തിലാണ് സിപിഎം. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ലെന്ന വിലയിരുത്തൽ തന്നെയാകും നേതൃത്വം മുന്നോട്ട് വയ്ക്കുക.































