വിവാഹിതരായ സ്ത്രീകളെയും ഗര്‍ഭിണികളായ സ്ത്രീകളെയും ജോലിക്കെടുക്കാന്‍ സ്വതവേ എല്ലാ സ്ഥാപനങ്ങള്‍ക്കും വിമുഖതയാണ്. കാരണം വേറൊന്നുമല്ല, അവര്‍ ലീവെടുക്കും എന്നത് തന്നെ. ഇപ്പോള്‍ ഗര്‍ഭിണിയായ യുവതിയെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് 35 ലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരിക്കയാണ് ഒരു സ്ഥാപനത്തിന്. താന്‍ ജോലി ചെയ്തുകൊണ്ടിരുന്ന Huangs Grill Ltd -നെതിരെയായിരുന്നു യുവതിയുടെ പരാതി.
ട്രിബ്യൂണല്‍ പറയുന്നതനുസരിച്ച്, 2018 ജൂലൈയിലാണ് പോളിന ബവേജ് എന്ന 32 -കാരിയെ സ്ഥാപനം അസിസ്റ്റന്റ് മാനേജരായി നിയമിച്ചത്. 2019 ഫെബ്രുവരിയിലാണ് താന്‍ ഗര്‍ഭിണിയാണ് എന്ന് ബവേജ് തിരിച്ചറിഞ്ഞത്. പിന്നാലെ ബോസിനോട് താന്‍ ഗര്‍ഭിണിയാണ് എന്ന് ബവേജ് പറയുകയും ചെയ്തു. പക്ഷേ, അവള് ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു ബോസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ബോസായ ഹുവാങ് അവളോട് താന്‍ കോ മാനേജര്‍ കിമ്മിനോട് സംസാരിച്ച ശേഷം അവളെ ബാക്കി കാര്യങ്ങള്‍ അറിയിക്കാം എന്ന് പറഞ്ഞു. ഗര്‍ഭിണിയായതിനാല്‍ തന്നെ ജോലികള്‍ രണ്ട് വ്യത്യസ്ത ഭക്ഷണശാലകളിലായി ക്രമീകരിക്കാന്‍ ബവേജ് അഭ്യര്‍ത്ഥിച്ചുവെങ്കിലും അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. തുടര്‍ന്ന് റസ്റ്റോറന്റ് മാനേജര്‍ ബവേജിന്റെ ശമ്പളത്തില്‍ പ്രതിവര്‍ഷം 4,000 പൗണ്ട് കുറയ്ക്കുമെന്ന് പറഞ്ഞു. പിന്നീട്, ബവേജ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉള്ള അവകാശങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിന് ഗര്‍ഭധാരണവുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു മറുപടി.
പിന്നാലെ, ബവേജിനെ അവള് ജോലി ചെയ്തുകൊണ്ടിരുന്ന ഇടത്ത് നിന്ന് പുറത്താക്കി എന്നും കമ്പനിയുടെ കീഴിലുള്ള മറ്റൊരിടത്ത് നിയമിച്ചു എന്നും അറിയിക്കുകയായിരുന്നു. ഇവിടെ ഞങ്ങള്‍ക്ക് ഇതിനകം ഒരു അസിസ്റ്റന്റ് മാനേജര്‍ ഇവിടെ ഉണ്ട്, അതിനാല്‍ ഇവിടെ ഒരു അസി. മാനേജരുടെ ആവശ്യമില്ല. മാത്രമല്ല, നിങ്ങളുടെ ശമ്പളം ശരാശരിക്ക് മുകളിലുമാണ് എന്നും അവര്‍ ബവേജിനോട് പറഞ്ഞു. പിന്നാലെയാണ് യുവതി ട്രിബ്യൂണലിനെ സമീപിച്ചത്.
യുവതിക്കെതിരെ നടന്നത് വിവേചനമാണ് എന്നും അന്യായമായ പിരിച്ചുവിടലാണ് എന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ബവേജിന്റെ മകള്‍ക്ക് ഇപ്പോള്‍ മൂന്ന് വയസായി. ഈ സംഭവത്തോടെ താനാകെ തകര്‍ന്നു പോയി എന്നും അതിന് ശേഷം ഹോസ്പിറ്റാലിറ്റി മേഖലയിലാണ് താന്‍ ജോലി ചെയ്യുന്നത് എന്നും അവള് പറയുന്നു.

































