ചേർത്തല: മികവിന്റെ കൊടുമുടികയറിയ ക്യാമറമാൻ. അതായിരുന്നു വ്യാഴാഴ്ച അന്തരിച്ച വ്യാസകുമാര ഷേണായി എന്ന വി.കെ. ഷേണായി. ക്യാമറയെ ഹരമായി കൂടെക്കൂട്ടി 50-കളിൽ ബോളിവുഡിലും ഒറിയയിലുമെല്ലാം മികവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകളൊരുക്കിയതായിരുന്നു ഷേണായിയുടെ വലിയകാലം. ക്യാമറ മികവിലൂടെ സാക്ഷാൽ സത്യജിത്ത്റായിയുടെ പോലും ശ്രദ്ധയിൽപ്പെട്ടു.ഭാഗ്യത്തിന്റെ അകമ്പടിയില്ലാത്തതും നാട്ടിലേക്കു മടങ്ങിയെത്താനുള്ള ആഗ്രഹവുമാണ് വലിയ ചിത്രങ്ങളിൽനിന്നു ഷേണായിയെ അകറ്റിയത്. എങ്കിലും പ്രവർത്തിച്ചിടത്തെല്ലാം ഷേണായി ടച്ച് സമ്മാനിച്ചായിരുന്നു ഇദ്ദേഹത്തിന്റെ മടക്കം. അവസാനകാലഘട്ടങ്ങളിൽപോലും യുവ ഫോട്ടോഗ്രാഫർമാരുടെ സാങ്കേതികവിദ്യയ്ക്കൊപ്പം പിടിച്ചുനിന്നു. രാജ്യത്തിന്റെ വലിയ നഗരങ്ങളിലെയെല്ലാം ആദ്യകാല ചിത്രങ്ങൾ ഷേണായിയുടെ ശേഖരത്തിൽ നിറയെയുണ്ടായിരുന്നു. പഴയകാല ക്യാമറകളായ ക്ലിക്ക് ത്രി, വൺ ടു ഫോർജി തുടങ്ങിയ ക്യാമറകളെല്ലാം ശേഖരത്തിലുണ്ട്. ഒരുവർഷം മുൻപുവരെ പഴയകാല ഫോട്ടാഗ്രഫി ചരിത്രവുമായി നിരന്തരം പ്രദർശനങ്ങളും നടത്തിയിരുന്നു.ചേർത്തല നഗരസഭ 28-ാം വാർഡ് ധന്വന്തരിമഠത്തിൽ വി.കെ. ഷേണായി അച്ഛന്റെ കച്ചവടപാരമ്പര്യത്തെ തട്ടിയെറിഞ്ഞാണ് ഫോട്ടോഗ്രഫിയിലേക്കിറങ്ങിയത്. കുടുംബത്തിൽ നിന്നടക്കമുയർന്ന എതിർപ്പുകളെ അതിജീവിച്ചുള്ള ഫോട്ടോഗ്രാഫർ വേഷം ജീവിതത്തിൽ വലിയ വളർച്ചയുണ്ടാക്കിയില്ലെങ്കിലും മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് ഷേണായി തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളത്

































