സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ് സി ( Al Nassr F C ) യിലേക്ക് 2023 ജൂണ്‍ ഒന്നിനാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) എത്തിയത്. എട്ടാം മാസത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിനെ കിരീടത്തില്‍ എത്തിച്ചു. അറബ് ലോകത്തിലെ ഏറ്റവും വലിയ ക്ലബ് പോരാട്ടമായ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ട്രോഫിയിലാണ് അല്‍ നസര്‍ എഫ് സിയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിച്ചത്.അല്‍ ഹിലാല്‍ എഫ് സിക്ക് എതിരായ ഫൈനലില്‍ ആദ്യം ഒരു ഗോളിനു പിന്നിട്ടു നില്‍ക്കുകയും പിന്നീട് ടീമിനെ സമനിലയില്‍ എത്തിച്ച് മത്സരം അധിക സമയത്തേക്ക് നീട്ടുകയും, അധിക സമയത്ത് നേടിയ ഗോളില്‍ അല്‍ നസര്‍ എഫ് സിയെ കിരീടത്തില്‍ എത്തിക്കുകയും ചെയ്തത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നും പ്രകടനമായിരുന്നു. 74, 98 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ സ്വന്തമാക്കിയത്. 51 -ാം മിനിറ്റില്‍ മിഷേലിലൂടെയായിരുന്നു അല്‍ ഹിലാല്‍ എഫ് സി ലീഡ് നേടിയത്.ഫൈനലിലെ ഇരട്ട ഗോള്‍ കൂടി ചേര്‍ന്നതോടെ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് 2023 സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറ് ഗോള്‍ തികച്ചു. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്കോററും 38 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഗോള്‍ നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത് മൂന്ന് ഗോളുമായി അല്‍ ഇത്തിഹാദ് എഫ് സിയുടെ കരിം ബെന്‍സെമ ഏറെ പിന്നിലാണ് എന്നതും ശ്രദ്ധേയം. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസര്‍ എഫ് സി ഫൈനലില്‍ എത്തുന്നതും കിരീടം നേടുന്നതും ചരിത്രത്തില്‍ ആദ്യമാണ്.

































