കോട്ടയം: ബാറിലെ മുതിർന്ന അഭിഭാഷകനും ക്നാനായ കത്തോലിക്കാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. സി. ജോസ് ഫിലിപ്പ് ചെങ്ങളവൻ(69) അന്തരിച്ചു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം കേരള വിദ്യാർഥി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലാണ് സംഘടനാ രംഗത്തേക്ക് കടന്നുവന്നത്.
ക്നാനായ കാത്തലിക് യൂത്ത് ലീഗ് ട്രഷറർ, അഡ്ഹോക് കമ്മിറ്റി ചെയർമാൻ, ദീപിക യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, ക്നാനായ കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കോട്ടയം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, അൽമായ സെക്രട്ടറി, അഖില കേരള കത്തോലിക്കാ കോൺഗ്രസ് വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ റീജിയണൽ സെക്രട്ടറി, കേരള കാത്തലിക് ഫെഡറേഷൻ സംഘടനാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കോട്ടയം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, കോട്ടയം ജവഹർ ബാലഭവൻ ഡയറക്റ്റർ, റെഡ്ക്രോസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, കോട്ടയം സിറ്റിസൺസ് കൗൺസിൽ ജനറൽ സെക്രട്ടറി, കോട്ടയം ബോട്ട് ക്ലബ് ജോയിന്റ് സെക്രട്ടറി, കോട്ടയം കൾച്ചറൽ അക്കാഡമി സെക്രട്ടറി, കോട്ടയം താഴത്തങ്ങാടി ഇഖ്ബാൽ പബ്ളിക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
“ക്നാനായ ക്രൈസ്തവരും കേരള സമൂഹവും” എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് പരേതൻ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30ന് കോട്ടയം താഴത്തങ്ങാടി ഇടയ്ക്കാട്ട് ഫൊറോനാ പള്ളിയിൽ.

































