നവകേരള സദസ്സിലെ ജനപങ്കാളിത്തവും വിജയവും കണ്ടതോടെ അന്ധമായി വിമർശിച്ച യുഡിഎഫുകാരിൽ ചിലർക്ക് മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടി എൻ പ്രതാപൻ എംപിയുടെ നടപടി ഇതാണ് കാണിക്കുന്നത്. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നെറികെട്ട പ്രചാരവേലയെ മുഴുവൻ തള്ളി, ജനക്ഷേമ– വികസന പ്രവർത്തനത്തിലൂടെ 2021ൽ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ യുഡിഎഫിന് നിലതെറ്റി. നാട്ടിൽ ഒരു വികസന പ്രവർത്തനങ്ങളും നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലേക്ക് അവർ മാറി. ഇത്തരത്തിലുള്ള കുൽസിത പ്രവർത്തനങ്ങളെ മറികടന്ന് കേരളം മുന്നോട്ട് പോകും. നാടിനും ജനങ്ങൾക്കുംവേണ്ടി നവകേരളം ഒരുക്കുകയാണ് സർക്കാർ. വികസിത രാജ്യങ്ങളോടൊപ്പം നമ്മുടെ നാടിനെ ഉയർത്തുകയാണ് ലക്ഷ്യം.
ഇന്ത്യക്ക് മാതൃകയായി മുന്നോട്ടു പോകുന്ന കേരളത്തോട് പകതീർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. നികുതി വിഹിതം, വായ്പ തുടങ്ങി കേരളത്തിന് അർഹതപ്പെട്ട മുഴുവൻ ഫണ്ടുകളും വെട്ടിച്ചുരുക്കുകയാണ്. കിഫ്ബിയേയും തടയുന്നു. ഇതിനെ പാർലമെന്റിൽ ചോദ്യം ചെയ്യേണ്ട എംപിമാരിൽ യുഡിഎഫിന്റെ 18 പേരും ഒരക്ഷരം മിണ്ടാൻ തയ്യാറായില്ല.
സർക്കാർ യോഗം വിളിച്ച് ആവശ്യപ്പെട്ടിട്ടും ഒന്നും ചെയ്തില്ല. വസ്തുതകൾ ശരിയല്ലെങ്കിലും, കേന്ദ്രധനമന്ത്രി നിർമല സീതാരാമനും കേരളത്തിൽ വന്ന് ഞങ്ങൾ കേരളത്തിന് ആവശ്യമായതെല്ലാം നൽകുന്നുണ്ടെന്ന് പറയേണ്ടിവന്നതും ഈ ജനസഹ്രസങ്ങളെ കണ്ടതുകൊണ്ടാണ്. ആര് തകർക്കാൻ ശ്രമിച്ചാലും ആ തകർച്ചയ്ക്ക് നാടിനെ വിട്ടുകൊടുക്കില്ല. എല്ലാ പ്രതിസന്ധികൾക്കിടയിലും നമ്മുടെ നാട് തനതായി മുന്നേറിക്കൊണ്ടിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.































