മെഡിക്കല്‍ കോളജിലെ യുവ പിജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ഷഹന ആത്മഹത്യ ചെയ്ത ഫ്ളാറ്റിൽ നിന്നും ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തി. ‘എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നാണ് ഷഹനയുടെ കുറിപ്പിലുള്ളത്. അതേസമയം, ഷഹനയുടെ മരണം വേദനാജനകമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവിയും പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും സതീദേവി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളെജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷഹന സുഹൃത്തായ ഡോക്ടറുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനമാണ് ഇവർ ആവശ്യപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിഎംഡബ്ല്യൂ കാറും, 150 പവനും, 15 ഏക്കര്‍ ഭൂമിയുമായിരുന്നു അവരുടെ ആവശ്യം. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയെന്നും ഇതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)































