നഗരത്തിലെ ജീവിതം ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. നഗരത്തില്‍ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും നടക്കും എന്നത് തന്നെയാണ് കാരണം. അതിനി ഗതാഗതമാര്‍ഗമായാലും, ആശുപത്രി സൗകര്യങ്ങളായാലും, ഷോപ്പിംഗിനായാലും ഒക്കെ. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ആളുകള്‍ നഗരങ്ങള്‍ തേടി പോവുകയാണ്. എന്നാല്‍, ചൈനയില്‍ നിന്നുമുള്ള ഒരു ന്യൂജനറേഷന്‍ യുവാവ് നഗരജീവിതവും അവിടുത്തെ ജോലിയും എല്ലാം ഉപേക്ഷിച്ച് ഒരു പര്‍വതമേഖലയില്‍ ജീവിതം തുടങ്ങിയതാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്.
2000 -ത്തിന് ശേഷമാണ് വെന്‍സി ജനിച്ചത്. തന്റെ അനുഭവം ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഡൂയിനിലാണ് വെന്‍സി പങ്ക് വച്ചിരിക്കുന്നത്. വാന്‍ഷാനിലെ ഗ്വിഷൗവിലെ സിയാക്‌സിയിലുള്ള ഒരു കുന്നിന്‍ചെരിവിലെ പാറയുടെ അരികിലാണ് വെന്‍സി മുള കൊണ്ട് ഒരു ചെറിയ ഷെഡ്ഡ് നിര്‍മ്മിച്ചിരിക്കുന്നത്. 2023 സപ്തംബര്‍ മുതല്‍ വെന്‍സി ഇവിടെയാണത്രെ താമസിക്കുന്നത്.
രസകരമായ കാര്യം ഇവിടെ നിന്നും 500, 600 മീറ്റര്‍ ദൂരത്തായി തന്നെയാണ് വെന്‍സിയുടെ ജന്മസ്ഥലവും. വഴി വളരെ മോശമായതിനാല്‍ തന്നെ മണിക്കൂറുകള്‍ വേണ്ടിവരും വെന്‍സിക്ക് നടന്ന് തന്റെ വീട്ടിലെത്താന്‍. എന്നിരുന്നാലും, രണ്ടാഴ്ചയില്‍ ഒരിക്കല്‍ വെന്‍സി മാര്‍ക്കറ്റില്‍ പോയി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വരും. ഇനി എങ്ങനെയാണ് ആ മലമുകളില്‍ അവന്‍ സമയം ചെലവഴിക്കുന്നത് എന്നല്ലേ സോഷ്യല്‍ മീഡിയയില്‍ വിവിധ കാര്യങ്ങള്‍ പങ്ക് വയ്ക്കുക, അതിനുള്ള വീഡിയോയും മറ്റും തയ്യാറാക്കുക ഇവയെല്ലാം അവന്‍ ചെയ്യുന്നുണ്ട്.
ഒപ്പം തനിക്കാവശ്യമുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുക, പന്നികളെ വളര്‍ത്തുക എന്നിവയെല്ലാം അവന്‍ ചെയ്യുന്നു. ആ മലമുകളിലെ മുളവീട്ടില്‍ ഏകാന്തത അനുഭവപ്പെടില്ലേ എന്ന് ചോദിച്ചാല്‍ തനിക്ക് രണ്ട് നായകളുണ്ട്. അവരുടെ കൂട്ടുള്ളതിനാല്‍ തന്നെ ഒരിക്കലും ഒറ്റക്കാണ് എന്ന് തോന്നിയിട്ടില്ല എന്നാണ് വെന്‍സിയുടെ ഉത്തരം. നേരത്തെ നഗരത്തിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും ഗാര്‍മെന്റ് ഫാക്ടറിയിലും ഒക്കെ വെന്‍സി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോള്‍ താന്‍ ഈ ജീവിതം ഇഷ്ടപ്പെടുന്നു എന്നും അതിനര്‍ത്ഥം ലോകത്തില്‍ നിന്നും വേര്‍പ്പെട്ട് കഴിയുക എന്നല്ല എന്നും വെന്‍സി പറയുന്നു.































