മുഖ്യമന്ത്രിയുടെ നവകേരള സദസ് പൂർണ പരാജയമാണെന്ന് രമേശ് ചെന്നിത്തല. നവകേരള സദസിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന എൽഡിഎഫ് സർക്കാരിന്‍റെ രാഷ്ട്രീയ പ്രചാരണം മാത്രമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
കണക്കുകൾ പ്രകാരം കാസർകോഡ് ജില്ലയിൽ ഇതുവരെ 198 പരാതികൾ മാത്രമേ പരിഹരിച്ചിട്ടുള്ളൂ. ഇതിൽ തന്നെ പലതും വിവിധ വകുപ്പുകൾക്ക് അയച്ചു കൊടുക്കുകയല്ലാതെ പരാതി പരിഹരിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല.
ഒരു ചെറിയ ജില്ലയായ കാസർകോഡിന്‍റെ അവസ്ഥയിതാണെങ്കിൽ മറ്റു ജില്ലകളുടെ അവസ്ഥയെന്തായിരിക്കും. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് പ്രചാരവേല നടത്തുന്നത് ശരിയാണോയെന്ന് പരിശോധിക്കണം. കാരണം സാധാരണയായി സർക്കാർ പരിപാടിയിൽ രാഷ്ട്രീയം പറയാറില്ല. എന്നലാൽ നവകേരള സദസിൽ അങ്ങനെയല്ല കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.































