ശബരിമല: നൂറാം വയസ്സിൽ കന്നിമല ചവിട്ടി വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ. മൂന്നു തലമുറയിൽപ്പെട്ടവരുടെ ഒപ്പമാണ് ആദ്യ ശബരിമല ദര്‍ശനത്തിനായി എത്തിയത്.
കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് സന്നിധാനത്തെത്തിയത്. അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയിൽ പോകാൻ വൈകിയത് എന്ന ചോദ്യത്തിന് ഉത്തരം പെട്ടെന്നെത്തി. നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. നൂറു വയസാകുമ്പോഴേ ശബരിമലയിലേക്ക് പോകൂ എന്ന് തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ എത്തി. പതിനെട്ടാംപടിയും പൊന്നമ്പലവും കണ്ടു. മൂന്നാനക്കുഴിയിൽനിന്ന് രണ്ടിനാണ് പതിനാലംഗസംഘം യാത്രതിരിച്ചത്. മൂന്നിന് പമ്പയിലെത്തിയ സംഘം വിശ്രമശേഷം നാലിന് രാവിലെയാണ് സന്നിധാനത്തെത്തിയത്.































