ആഭരണ നിർമാണ യൂനിറ്റിൽ നിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. കാട്ടാക്കട മാറനല്ലൂർ രാക്കണ്ടംവിളാകംവീട്ടിൽ രഞ്ജിത്ത് (32) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കൊല്ലം മുണ്ടയ്ക്കലിൽ പ്രവർത്തിക്കുന്ന ആഭരണ നിർമാണ യൂനിറ്റിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ ആഭരണനിർമാണത്തിനായി അൽ ഇഷ ഗോൾഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച പഴയ സ്വർണത്തിൽ നിന്ന് 93 ഗ്രാം വിവിധസമയങ്ങളിലായി മോഷ്ടിച്ചെന്നാണ് കേസ്. ആഭരണ നിർമാണ യൂനിറ്റിന്റെ ഉടമ നൽകിയ പരാതിയിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.































