ഞാൻ അനാഥയായി എന്ന് നടിയും നർത്തകിയുമായ താരാ കല്യാൺ. അമ്മ സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്തയ്ക്ക് പിന്നാലെയാണ് താര ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ പറഞ്ഞത്. ‘എന്നെ അനാഥയാക്കിയ നഷ്ടം,’ എന്നാണു അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് കൊണ്ട് താരാ കല്യാൺ കുറിച്ചത്. താരയുടെ മകളും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ സൗഭാഗ്യയും അമ്മൂമ്മയുടെ മരണവിവരം അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.
“എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വർഷമായി എന്റെ കരുത്തും സ്നേഹവും. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി,” സൗഭാഗ്യ കുറിച്ചു.
ഇന്നലെ രാത്രിയോടെയാണ് മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി – സുബ്ബലക്ഷ്മി വിട പറഞ്ഞത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അവശതകൾ മൂലം അവിടെ ചികിത്സ തേടുകയായിരുന്നു.
തിരുവനന്തപുരത്ത് മുടവന്മുകളിലെ വീട്ടിൽ അന്ത്യകർമ്മങ്ങൾക്ക് ശേഷം, ഇന്ന് വൈകിട്ട് 4 മണിക്ക് തൈക്കാട്ട് ശാന്തികവാടത്തിൽ സംസ്കാരം.


































