കൊല്ലം ഓയൂരിൽആറ് വയസുകാരിയെതട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത വ്യക്തി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്തുള്ള കാർ വാഷിങ്ങ് സെൻ്ററിൽ നിന്ന് രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത വ്യക്തിക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധനയില്‍ 500 രൂപയുടെ 19 നോട്ടുകെട്ടുകള്‍ കണ്ടെടുത്തു.അതേസമയം കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു.
നേരത്തെ കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോളെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് കോള്‍ വന്നത്. ഫോൺകോൾ ഒരു വ്യാപാരിയുടെ മൊബൈലില്‍ നിന്നാണെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഒരു സ്ത്രീയാണ് വിളിച്ചെന്നാണ് വിവരം. കടയിലെത്തിയ ഒരു സ്ത്രീയും പുരുഷനും ഫോണ്‍ ചോദിച്ച് വാങ്ങിയെന്ന് വ്യാപാരി പൊലീസിനോട് പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫോണ്‍ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്.
































