അങ്കമാലി: ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിൽ മയക്കുമരുന്ന് കടത്തുകയായിരുന്ന യുവതിയും യുവാവും അങ്കമാലിയിൽ പിടിയിൽ. നോർത്ത് പറവൂർ മന്നം മാടേപ്പടിയിൽ വീട്ടിൽ സജിത് (28), പള്ളിത്താഴം വലിയപറമ്പിൽ വീട്ടിൽ സിയ (32) എന്നിവരാണ് 50 ഗ്രാം മയക്കുമരുന്നുമായി പിടിയിലായത്. റൂറൽ ജില്ല ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്റെയും അങ്കമാലി പൊലീസിന്റെയും അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ബംഗളൂരുവിലെ മടിവാളയിൽനിന്ന് കൊണ്ടുവന്ന് ഇടപ്പള്ളി, കാക്കനാട് മേഖലകളിൽ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. ഇരുവരും ഇതിനുമുമ്പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് സൂചന.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് രഹസ്യസന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ ബസ് തടഞ്ഞ് പരിശോധിച്ചത്. സജിത്തിനെതിരെ ആലപ്പുഴയിൽ കഞ്ചാവ് കേസുള്ളതായി പൊലീസ് പറഞ്ഞു. നാർേകാട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, അങ്കമാലി ഇൻസ്പെക്ടർ പി. ലാൽ കുമാർ, എസ്.ഐമാരായ എസ്. ദേവിക, മാർട്ടിൻ ജോൺ, എ.എസ്.ഐ എം.എസ്. വിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.ആർ. മിഥുൻ, അജിത തിലകൻ തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.

































