തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിൽ ഇരുവരും വിവാഹിതരായി. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്.
എന്നാലിപ്പോഴിതാ വേർപിരിഞ്ഞ് രണ്ട് വർഷത്തിനിപ്പുറം ഇരുവരും ഒന്നിയ്ക്കുന്നുവെന്ന തരത്തിലുള്ള പുതിയ സൂചനകൾ പുറത്തു വന്നിരിക്കുകയാണ്. സാമന്ത തന്നെയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. നാഗചൈതന്യയുടെ പേരിൽ ‘ചായ്’ എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാൽ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളിൽ അത് അപ്രത്യക്ഷമായിരുന്നു.
ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാർത്തകളും എത്തിയിരുന്നു. എന്നാൽ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ ഫോട്ടോയിലാണ് ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാരിയെല്ലിന്റെ ഭാഗത്തായുള്ള ചായ് എന്ന ടാറ്റൂ കാണിച്ചു കൊണ്ടുള്ള ചിത്രമാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക് ലവും ചിത്രത്തിനൊപ്പം സാമന്ത കുറിച്ചിരുന്നു.

































