ജനീവ: ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ അവസ്ഥ വിവരിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകള്‍ ഇല്ല. ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസ സിറ്റിയിലും വടക്കന്‍ ഗാസയിലും ഇരുപത്തിമൂന്ന് ആശുപത്രികള്‍ ഒഴിയണമെന്നാണ് ഉത്തരവ്. ഈ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കും,’ അദ്ദേഹം പറഞ്ഞു.
ജനീവയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍, പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെയും മറ്റ് രോഗികളെയും സഹായിക്കാന്‍ മാനുഷികമായ പരിഗണന നല്‍കി ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ടെഡ്രോസ് ആവര്‍ത്തിച്ചു.































