മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിക്ക് വധഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ. തെലങ്കാന സ്വദേശിയായ 19 കാരൻ ഗണേഷ് രമേഷ് വൻപർധി എന്നയാളാണ് പിടിയിലായത്. മുംബൈയിലെ ഗാംദേവി പോലീസാണ് ഇയാളെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. പ്രതിയെ നവംബർ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ആഴ്ചയാണ് മുകേഷ് അംബാനിക്ക് അഞ്ച് ഇ-മെയിലുകളിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. അംബാനിയോട് പ്രതി പണം ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. “നിങ്ങൾ (അംബാനി) ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും, ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്” എന്നായിരുന്നു ഷദാബ് ഖാൻ എന്നയാൾ ഒക്ടോബർ 27ന് അയച്ചതെന്ന് പറയപ്പെടുന്ന ആദ്യ ഇ-മെയിൽ സന്ദേശം
ചില കൗമാരക്കാർ ചെയ്ത വികൃതിയാണ് ഇതെന്ന് സംശയിക്കുന്നതായി അറസ്റ്റ് സ്ഥിരീകരിച്ച് ഒരു മുതിർന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീഷണി സന്ദേശത്തിന് പിന്നിൽ പ്രവർത്തിച്ചവരിലേയ്ക്ക് എത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അംബാനിയ്ക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും എംഡിക്കും മറ്റൊരു ഇ-മെയിൽ ലഭിച്ചിരുന്നു. ആദ്യത്തെ ഇ-മെയിലിലെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 200 കോടി രൂപ നൽകണമെന്നായിരുന്നു രണ്ടാമത്തെ സന്ദേശം. ഈ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ അംബാനിക്ക് മരണ വാറണ്ട് പുറപ്പെടുവിക്കുമെന്നും രണ്ടാമത്തെ ഇ-മെയിലിൽ പറയുന്നു.
അംബാനിയുടെ ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച അയച്ച മൂന്നാമത്തെ ഇ-മെയിൽ സന്ദേശത്തിൽ 400 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് ഇ-മെയിലുകൾ കൂടി അദ്ദേഹത്തിന് ലഭിച്ചു. ഇ-മെയിലുകളുടെ ഐപി അഡ്രസ് പരിശോധിച്ച് പ്രതികൾ തെലങ്കാനയിലാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.































