കൊല്ലം: എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ യുവാവിന് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഇരവിപുരം തേജസ് നഗർ 123 വയലിൽ വീട്ടിൽ സുബുക്കിയുടെ മകൻ ഉമർ മുക്തർ (25) നെയാണ് കോടതി ശിക്ഷിച്ചത്.
2022 ഓഗസ്റ്റിൽ കൊല്ലം നഗരത്തിലെ യുവതീ-യുവാക്കൾക്ക് വിൽപ്പന നടത്താനായി കടത്തിക്കൊണ്ടുവന്ന 6.79 ഗ്രാം എം.ഡി.എം.എയുമായി അമൃതകുളത്തിന് സമീപത്ത് നിന്നാണ് ഇരവിപുരം പോലീസും ഡാൻസാഫ് ടീമും ചേർന്ന് പ്രതിയെ പിടികൂടിയത്.
അന്നത്തെ ഇരവിപുരം സബ് ഇൻസ്പെക്ടറായിരുന്ന ജയേഷ് കേസിൽ രജിസ്റ്റർ ചെയ്തതിനു പിന്നാലെ എസ്.ഐ അരുൺ ഷാ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി–4 ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ആണ് വിധി പ്രസ്താവിച്ചത്.
ജില്ലാ പോലീസ് മേധാവി ഹേമലത എം. ഐ.പി.എസ്.യുടെ മേൽനോട്ടത്തിൽ നിയമവൈദഗ്ധ്യമുള്ള പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ഏകോപിതമായ പ്രവർത്തനത്തിന്റെ ഫലമായാണ് കുറഞ്ഞ സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പ്രതിക്കെതിരെ ശിക്ഷ ഉറപ്പാക്കാനായത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അനൂപ് ബി. ഹാജരായി. ഇരവിപുരം എസ്.ഐ സുനിൽ കുറ്റപത്രം തയ്യാറാക്കുന്നതിലും എ.എസ്.ഐ മനോരതൻപിള്ള പ്രോസിക്യൂഷൻ സഹായിയായും പ്രവർത്തിച്ചു.

































