തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമ്പൂർണ വാണിജ്യ കവാടമായി മാറുന്നതിനുള്ള അവസാന തടസ്സവും നീങ്ങി. തുറമുഖത്തുനിന്ന് കരമാർഗം ചരക്കുനീക്കം നടത്തുന്നതിനായുള്ള അന്തിമ അനുമതി കസ്റ്റംസ് നൽകി. ഇതോടെ ഓഗസ്റ്റ് 18 മുതൽ വിഴിഞ്ഞത്തുനിന്ന് റോഡ് മാർഗമുള്ള കയറ്റുമതി, ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഇതുവരെ കപ്പലുകളിൽ നിന്ന് മറ്റ് കപ്പലുകളിലേക്ക് ചരക്ക് മാറ്റുന്ന ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് വിഴിഞ്ഞത്ത് നടന്നിരുന്നത്. റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കത്തിന് അനുമതി ലഭിച്ചതോടെ വിഴിഞ്ഞത്തിന്റെ വ്യാവസായിക തലവര തന്നെ മാറാൻ പോകുകയാണ്.
ഇറക്കുമതിക്കും കയറ്റുമതിക്കും കർശന വ്യവസ്ഥകൾ
നിലവിൽ തുറമുഖത്ത് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ (CFS) സജ്ജമാകാത്തതിനാൽ കർശന നിബന്ധനകളോടെയാണ് എക്സിം കാർഗോ കൈകാര്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്:
- ഇറക്കുമതി (Imports): ഡയറക്റ്റ് പോർട്ട് ഡെലിവറിക്ക് (DPD) അർഹതയുള്ള ഫുൾ കണ്ടെയ്നർ ലോഡുകൾക്ക് (FCL) മാത്രമായിരിക്കും തൽക്കാലം അനുമതി. ഇവ തുറമുഖത്തെത്തി 48 മണിക്കൂറിനുള്ളിൽ ഇറക്കുമതിക്കാരന്റെ കേന്ദ്രത്തിലേക്ക് മാറ്റണം. സിഎഫ്എസ് പ്രവർത്തനസജ്ജമാകുന്നതുവരെ ലെസ്-ദാൻ-കണ്ടെയ്നർ ലോഡ് (LCL), ലൂസ് കാർഗോ എന്നിവ അനുവദിക്കില്ല.
- കയറ്റുമതി (Exports): ഫാക്ടറികളിൽ നിന്ന് സീൽ ചെയ്ത ഫുൾ കണ്ടെയ്നറുകൾക്ക് ഡയറക്റ്റ് പോർട്ട് എൻട്രി (DPE) വഴി മാത്രമായിരിക്കും പ്രവേശനം. തുറമുഖ യാർഡിനുള്ളിൽ വച്ച് സാധനങ്ങൾ പരിശോധിക്കുന്നതിനോ മാറ്റുന്നതിനോ കർശന വിലക്കുണ്ട്.

സുരക്ഷയും നിയമങ്ങളും
കസ്റ്റംസ് നിയമം സെക്ഷൻ 54 പ്രകാരം വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകൾക്കും (ICD, CFS, SEZ) ഇടയിൽ റോഡ് മാർഗം കണ്ടെയ്നർ നീക്കം നടത്താം. എന്നാൽ ഇത് അംഗീകൃത ട്രാൻസ്ഷിപ്പർമാർ അല്ലെങ്കിൽ കാരിയർമാർ മുഖേന മാത്രമേ പാടുള്ളൂ. സുരക്ഷ ഉറപ്പാക്കാൻ ട്രക്കുകളിൽ ഹൈ-സെക്യൂരിറ്റി സീലുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
കൂടാതെ, എല്ലാ പ്രവർത്തനങ്ങളും 2018-ലെ സീ കാർഗോ മാനിഫെസ്റ്റ് ആൻഡ് ട്രാൻസ്ഷിപ്പ്മെന്റ് റെഗുലേഷൻസ് (SCMTR) പൂർണ്ണമായും പാലിച്ചായിരിക്കണം. ഷിപ്പിങ് ലൈനുകൾ, സ്റ്റീമർ ഏജന്റുമാർ, ടെർമിനൽ ഓപ്പറേറ്റർമാർ എന്നിവർ കസ്റ്റംസിന്റെ ICEGATE പോർട്ടൽ വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
കള്ളക്കടത്ത് തടയുന്നതിനായി തുറമുഖത്തെത്തുന്ന വ്യക്തികളും വാഹനങ്ങളും കണ്ടെയ്നറുകളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പൂർണ്ണ നിരീക്ഷണത്തിലായിരിക്കും. കസ്റ്റോഡിയനായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് (AVPPL) ട്രാൻസ്ഷിപ്പ്മെന്റ്, എക്സിം കാർഗോ എന്നിവയ്ക്കായി പ്രത്യേക യാർഡുകൾ സജ്ജമാക്കാനുള്ള ചുമതല. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാർജ് (OOC) അനുമതിയില്ലാതെ ഒരു കണ്ടെയ്നർ പോലും പുറത്തുപോകുന്നില്ലെന്ന് അദാനി പോർട്ട് ഉറപ്പാക്കേണ്ടതുണ്ട്.

































