പാലാ: എയ്ഡഡ് സ്കൂളുകളിലെ ഗസ്റ്റ് അധ്യാപക നിയമനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഇടപെടുത്താനുള്ള സർക്കാർ നീക്കം ന്യൂനപക്ഷാവകാശ ലംഘനമാണെന്ന് സിറോ മലബാർ സഭാ വിദ്യാഭ്യാസ കമ്മിറ്റി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം പുറപ്പെടുവിച്ച ഉത്തരവ് സ്കൂൾ മാനേജർമാരുടെ നിയമനാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമ്മിറ്റി വിലയിരുത്തി. പാലാ ബിഷപ്സ് ഹൗസിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ദിവസവേതന/താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന നിർദേശം നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധവും അപ്രായോഗികവും അനാവശ്യ കാലതാമസം വരുത്തുന്നതുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിലെ പ്രധാന ആവശ്യങ്ങളും നിലപാടുകളും:
- ടെറ്റ് യോഗ്യതയിലെ ഇളവ്: ടെറ്റ് (TET) യോഗ്യതയുടെ കാര്യത്തിൽ സുപ്രീം കോടതി ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ഇളവ് അംഗീകരിച്ച് സർക്കാർ ഉടൻ ഉത്തരവിറക്കണം.
- ഭിന്നശേഷി സംവരണം: ഭിന്നശേഷി വിഭാഗത്തിൽ നിയമിതനായ ഒരു വ്യക്തി രാജിവെക്കുമ്പോൾ, ആ ഒഴിവിൽ ഭിന്നശേഷിക്കാരനെത്തന്നെ വീണ്ടും നിയമിക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസർമാരുടെ നിലപാട് അംഗീകരിക്കാനാകില്ല. ഇത് ഭിന്നശേഷി നിയമന അനുപാതത്തിന് വിരുദ്ധമാണ്.
- അധ്യാപക-വിദ്യാർഥി അനുപാതം പുനഃപരിശോധിക്കണം: കുട്ടികളുടെ കുറവുമൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുകയും സ്കൂളുകൾ അൺ-എക്കണോമിക് അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണം.
- തസ്തിക അംഗീകാരം: 2022 മുതൽ അധിക തസ്തികയിൽ ജോലി ചെയ്തുവരുന്ന അധ്യാപകരുടെ നിയമനം ഉടനടി അംഗീകരിക്കണം.
സിറോ മലബാർ സഭാ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോമിനിക് ആയലൂപറമ്പിൽ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ് തകടിയേൽ, കോട്ടയം അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. സൈമൺ പുല്ലാട്ട്, പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.































