ഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വീഡിയോ തെളിവുകൾ ഹാജരാക്കി കോടതിയുടെ സമയം കളയരുതെന്നും നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഹർജിക്കാരനോട് നിർദ്ദേശിച്ചു.
പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് പരിശോധിക്കണമെന്നും ഹർജിക്കാരൻ അഭ്യർത്ഥിച്ചെങ്കിലും കോടതി അത് കടുപ്പിച്ച് നിരസിക്കുകയായിരുന്നു. “ഞങ്ങൾക്ക് യാതൊരു വിഡിയോയും കാണേണ്ടതില്ല” എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ ലംഘിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും, വിഷയത്തിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നും ഹർജിക്കാർ ഉന്നയിച്ചിരുന്നു.
ഡൽഹി ഹൈക്കോടതിയും ഹർജി തള്ളി
സുപ്രീം കോടതിക്ക് പുറമെ, വിഷയം അടിയന്തരമായി വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതിയും തയ്യാറായില്ല. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചത്. എല്ലാ കാര്യങ്ങളിലേക്കും കോടതിയെ വലിച്ചിഴയ്ക്കരുത് എന്ന് പരാമർശിച്ച ഹൈക്കോടതി ബെഞ്ച്, കേസ് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിവെക്കുകയാണുണ്ടായത്.
ഡൽഹിയിൽ നിയന്ത്രണം ശക്തം; പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി ആരോപണം
അതേസമയം, സിജെപി പ്രതിഷേധത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തി ഡൽഹിയിൽ 16 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. തിങ്കളാഴ്ച നടന്ന പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും ശക്തമാകുകയാണ്.





























