റിയാദ്: കുവൈറ്റിന് നേരെയുണ്ടാകുന്ന ഇറാൻ്റെ വ്യോമാക്രമണങ്ങളെ രൂക്ഷമായി അപലപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. കുവൈറ്റിന് സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായി സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.
കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ്, “തുടർച്ചയായതും പരസ്യവുമായ ഇറാനിയൻ ആക്രമണങ്ങൾക്കെതിരെ” സൗദിയുടെ ഐക്യദാർഢ്യം കിരീടാവകാശി വ്യക്തമാക്കിയത്.
മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങളും, സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള നയതന്ത്ര ശ്രമങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇരുനേതാക്കളുടെയും നിർണായക സംഭാഷണം.
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.































