തിരുവനന്തപുരം: വെമ്പായത്തെ സ്വകാര്യ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രധാന പ്രതി അനീഷ് മരിച്ചു. ഇതോടെ സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. അക്രമത്തിനിടെ പൊള്ളലേറ്റ സംഘത്തിലുണ്ടായിരുന്ന നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന അനീഷിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവത്തിൽ പരിക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ഇങ്ങനെ:
വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലെ എസി ഹാളിൽ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന എട്ടംഗ സംഘത്തിനടുത്തേക്ക് അനീഷ് എത്തുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവർക്കൊപ്പം മദ്യപിച്ച അനീഷ് പിന്നീട് ഇരുവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇത് ചെറിയ രീതിയിലുള്ള സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.
തുടർന്ന് പുറത്തേക്ക് പോയ അനീഷ് തൊട്ടടുത്തുള്ള പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങിയാണ് അരമണിക്കൂറിന് ശേഷം തിരികെ എത്തിയത്. ബാറിലെത്തിയ അനീഷും സംഘവും തമ്മിൽ വീണ്ടും പിടിവലിയുണ്ടാവുകയും അനീഷ് പെട്രോൾ മറ്റുള്ളവരുടെ മേലേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഇതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു.
തീ പെട്ടെന്ന് ആളിപ്പടർന്നതോടെ എസി ഹാളിലുണ്ടായിരുന്ന 30-ഓളം വരുന്ന ഉപഭോക്താക്കൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഹാളിലെ സോഫയിലേക്കും മറ്റും പടർന്ന തീ പിന്നീട് ഫയർഫോഴ്സ് എത്തിയാണ് പൂർണ്ണമായി അണച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
































