ബെയ്ജിംഗ്: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്കാരത്തെയും അവകാശങ്ങളെയും പാടെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ വംശീയ ഐക്യ നിയമം ചൈനയിൽ പ്രാബല്യത്തിലായി. ‘വംശീയ ഐക്യവും പുരോഗതിയും’ (Ethnic Unity and Progress Promotion) എന്ന പേരിൽ കൊണ്ടുവന്ന ഈ നിയമം, ചൈനയിലുടനീളമുള്ള 56 വംശീയ വിഭാഗങ്ങളെ ഭൂരിപക്ഷമായ ഹാൻ ചൈനീസ് സംസ്ക്കാരത്തിലേക്ക് നിർബന്ധപൂർവ്വം ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ‘ഏകീകൃത ദേശീയ സ്വത്വം’ എന്ന കാഴ്ചപ്പാട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടികൾ.
ഭാഷയും ആശയങ്ങളും നിയന്ത്രിക്കാൻ കടുത്ത വ്യവസ്ഥകൾ
പുതിയ നിയമപ്രകാരം സ്കൂളുകളിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ചൈനീസ് ഭാഷയായ മന്ദാരിൻ നിർബന്ധമാക്കി. കുട്ടികളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് (CCP) സ്നേഹം വളർത്താൻ മാതാപിതാക്കൾ നിർബന്ധിതരാകും. കുട്ടികളിൽ ‘ഹാനികരമായ’ ആശയങ്ങൾ വളർത്തുന്ന മാതാപിതാക്കളെ ശിക്ഷിക്കാനും ഈ നിയമം അധികാരം നൽകുന്നുണ്ട്. സർക്കാർ വിദ്വേഷപരമെന്നോ രാഷ്ട്രവിരുദ്ധമെന്നോ നിർവചിക്കുന്ന ആശയങ്ങൾ കുട്ടികളിൽ ഉണ്ടെന്ന് കണ്ടാൽ അതിന് മാതാപിതാക്കളും ശിക്ഷയ്ക്ക് അർഹരാകും.
ഇന്ത്യയിലെ ടിബറ്റൻ സമൂഹത്തിനും ഭീഷണി
ഈ നിയമം രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്ത് താമസിക്കുന്ന ചൈനീസ് പൗരന്മാർക്കും ബാധകമാണ്. നിയമത്തിലെ ആർട്ടിക്കിൾ 63 പ്രകാരം, ചൈനയ്ക്ക് പുറത്ത് താമസിക്കുന്നവർ വംശീയ ഐക്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അവർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ ചൈനയ്ക്ക് സാധിക്കും.
ഇത് തായ്വാനെയും, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ടിബറ്റൻ സമൂഹങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തൽ. നിലവിൽ ഇന്ത്യയിൽ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് വന്നവരും, അവരുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യൻ നിയമങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടിബറ്റൻ പ്രവാസി സർക്കാരുമുണ്ട്.
വിമർശകരെ പ്രവചിക്കാൻ ‘എഐ’ സാങ്കേതികവിദ്യ
നിയമത്തെ നിർമ്മിത ബുദ്ധിയുമായി (AI) ബന്ധിപ്പിച്ച് അതീവ അപകടകരമായ നിരീക്ഷണ സംവിധാനമാണ് ചൈന ഒരുക്കുന്നത്. രാജ്യത്തെ വിമർശകരെ കണ്ടെത്താൻ മാത്രമല്ല, ഭാവിയിൽ ആരെല്ലാം വിമർശകരാകാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാനും ചൈന അത്യാധുനിക എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നു എന്നാണ് വിവരങ്ങൾ.
ഗീഡ്ജ് നെറ്റ്വർക്സ് (Geedge Network): വ്യക്തികളുടെ ദൈനംദിന ശീലങ്ങൾ, ഇൻ്റർനെറ്റ് ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ വിശകലനം ചെയ്ത് അവർ സർക്കാരിനെതിരെ പ്രവർത്തിക്കുമോ എന്ന് പ്രവചിക്കുന്ന എഐ ടൂൾ ഈ കമ്പനിയാണ് വികസിപ്പിച്ചത്.
ലിയാൻക്സിൻ ടെക്നോളജി (Lianxin Technology): ഈ കമ്പനി വികസിപ്പിച്ച എഐ ക്യാമറകൾക്ക് ഒരാളുടെ മുഖഭാവം 8 മുതൽ 12 സെക്കൻഡ് വരെ നിരീക്ഷിച്ച് അയാളുടെ സ്വഭാവ സവിശേഷതകളും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയും കണ്ടെത്താൻ കഴിയും. വീടിനുള്ളിലും പുറത്തും പൗരന്മാർ സദാ നിരീക്ഷണത്തിലാകുന്ന സമ്പൂർണ സ്വേച്ഛാധിപത്യത്തിലേക്കാണ് ചൈന നീങ്ങുന്നത്.
ന്യൂനപക്ഷങ്ങളുടെ കറുത്ത നാളുകൾ
ന്യൂനപക്ഷങ്ങളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാനെന്ന പേരിൽ തടങ്കൽ പാളയങ്ങളിൽ പാർപ്പിക്കുന്ന ചൈനീസ് രീതികൾ ഇതിനകം തന്നെ ലോകമെമ്പാടും ചർച്ചയായിട്ടുള്ളതാണ്. സിൻജിയാങ്ങിൽ ലക്ഷക്കണക്കിന് ഉയിഗൂർ മുസ്ലീങ്ങളെ ‘പുനർവിദ്യാഭ്യാസ കേന്ദ്രങ്ങൾ’ എന്ന് വിളിക്കപ്പെടുന്ന തടങ്കൽപാളയങ്ങളിൽ പാർപ്പിച്ച് പീഡിപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ടിബറ്റിൽ ദലൈലാമയെ ആരാധിക്കുന്നതിന് വിലക്കുണ്ട്. കൂടാതെ ടിബറ്റിലെ കുട്ടികളെ നിർബന്ധപൂർവ്വം സർക്കാർ ബോർഡിംഗ് സ്കൂളുകളിൽ അയച്ച് ചൈനീസ് സംസ്കാരം അടിച്ചേൽപ്പിക്കുന്നു. ഇത് ടിബറ്റൻ ഭാഷയും സ്വത്വവും ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് ടിബറ്റൻ പ്രവാസി സർക്കാർ ആരോപിക്കുന്നു. എഐ സാങ്കേതികവിദ്യയുടെ കരുത്തിൽ രാജ്യത്തെ വിയോജിപ്പുകളെയും ന്യൂനപക്ഷ സ്വത്വങ്ങളെയും പൂർണ്ണമായും അടിച്ചമർത്താനാണ് ചൈനീസ് സർക്കാർ പുതിയ നിയമത്തിലൂടെ ശ്രമിക്കുന്നത്.































