ഒറ്റപ്പാലം: സ്വകാര്യ ബസ് യാത്രയ്ക്കിടെ കന്നുകാലി കച്ചവടക്കാരന്റെ പണം പോക്കറ്റടിച്ചു. തൃക്കടീരി ചമ്മനൂർ സ്വദേശി അയ്യപ്പനാണ് 25,000 രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ പാലക്കാട് ഒറ്റപ്പാലത്തായിരുന്നു സംഭവം.
വാണിയംകുളം ചന്തയിലേക്ക് പോത്തിനെ വാങ്ങാൻ പോവുകയായിരുന്നു അയ്യപ്പൻ. കോതകുറുശിയിൽ നിന്ന് വാണിയംകുളം വഴി ഷൊർണൂരിലേക്ക് പോകുന്ന സ്വകാര്യ ബസിലെ കനത്ത തിരക്കിനിടയിലാണ് മോഷണം നടന്നത്.
ട്രൗസർ കീറി മോഷണം
മുണ്ടിനടിയിൽ ധരിച്ചിരുന്ന ട്രൗസറിന്റെ പോക്കറ്റിൽ 25,000 രൂപയുടെ രണ്ട് കെട്ടുകളായാണ് (ആകെ 50,000 രൂപ) അയ്യപ്പൻ പണം സൂക്ഷിച്ചിരുന്നത്. തൃക്കടീരിയിൽ നിന്ന് ഒറ്റപ്പാലം ബസിൽ കയറി കോതകുറുശിയിലെത്തിയ അയ്യപ്പൻ, അവിടെ നിന്നാണ് വാണിയംകുളം ബസിലേക്ക് കയറിയത്. ഈ ബസിൽ കയറുമ്പോഴും പണം പോക്കറ്റിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ വാണിയംകുളത്ത് ബസ് ഇറങ്ങി നോക്കിയപ്പോഴാണ് ട്രൗസർ കീറിയ നിലയിലും, അതിൽ സൂക്ഷിച്ചിരുന്ന പണത്തിൽ 25,000 രൂപയുടെ ഒരു കെട്ട് നഷ്ടപ്പെട്ടതായും ശ്രദ്ധയിൽ പെട്ടത്.
അന്വേഷണം ഊർജിതമാക്കി പൊലീസ്
സംഭവത്തിൽ അയ്യപ്പൻ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ ബസുകളിൽ യാത്രക്കാരെ ലക്ഷ്യമിടുന്ന പോക്കറ്റടി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
































