തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുൻമന്ത്രി കെ ബി ഗണേഷ് കുമാർ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മുഖ്യമന്ത്രിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ ഗണേഷ് കുമാർ പരോക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഏത് പാർട്ടിയായാലും മുഖ്യമന്ത്രി എന്ന പദവിക്ക് അർഹമായ മര്യാദയും അന്തസും നൽകണം. മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി സുകുമാരൻ നായർ, കെ ബി ഗണേഷ് കുമാർ
”വി ഡി സതീശൻ 25 വർഷത്തിലധികമായുള്ള സുഹൃത്താണ്. എന്നാൽ, സൗഹൃദത്തിനപ്പുറം അദ്ദേഹത്തെ ഒരു മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദ. മുഖ്യമന്ത്രി എപ്പോഴും തിരക്കുള്ള ആളാണ്. അദ്ദേഹത്തിന്റെ സമയം നൽകുന്നതിൽ പരിമിതികൾ ഉണ്ടാകും. അത് നമ്മൾ മനസ്സിലാക്കണം. നേരത്തെ മന്ത്രിയായും എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് പല മുഖ്യമന്ത്രിമാരുടെ തിരക്കുകളും നേരിട്ട് കണ്ടിട്ടുണ്ട്”- ഗണേഷ് കുമാർ പറഞ്ഞു.
മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണം എന്ന് പറയുന്നത് ശരിയായ കാര്യമല്ല. മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നൊക്കെ വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ അന്തസ്സില്ലായ്മയും തറവാടിത്തമില്ലായ്മയുമാണെന്ന് അദ്ദേഹം പറഞ്ഞു.

































