ന്യൂഡൽഹി: ഡൽഹിയിലെ മെഹ്റോളിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഓൺലൈൻ ടാക്സി ഡ്രൈവറായ ബബ്ലു (25) എന്നയാളെ മെഹ്റോളി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് വെറും നാല് മണിക്കൂറിനുള്ളിലാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് വലയിലാക്കിയത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് തങ്ങളുടെ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുന്നത്. ഉടൻ തന്നെ രംഗത്തിറങ്ങിയ പൊലീസ് പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ടാക്സി കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്രൈവറെ കേന്ദ്രീകരിച്ച് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്രൂരകൃത്യം ഉറങ്ങിക്കിടക്കുമ്പോൾ
മെഹ്റോളിയിലെ സിഡിആർ ചൗക്കിന് സമീപമുള്ള ഫുട്പാത്തിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കുട്ടിയെ ഗുരുഗ്രാം ഭാഗത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.
പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെഹ്റോളിയിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.
































