വിവാദ ആത്മകഥ വിവാദത്തിൽ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജിന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അത് യുഡിഎഫിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം വന്നപ്പോൾ സഹായിച്ചില്ലെന്നും ലഭിക്കേണ്ട സഹായം മുടക്കിയെന്നും നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ കോൺഗ്രസ് മിണ്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിലേത് ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണെന്നും എന്നാൽ, കേന്ദ്രം മറ്റു സംസ്ഥാനങ്ങൾക്ക് സഹായം നല്കിയെന്നും എന്നിട്ടും കേരളത്തിന് സഹായമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നമ്മൾ എന്താ ഇന്ത്യക്ക് പുറത്തുള്ളവർ ആണോയെന്നും പിണറായി വിജയൻ ചോദിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫും എൽഡിഎഫും 19ന് ഹര്‍ത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.

































