സ്ത്രീ വേഷത്തിലെത്തി പട്ടാപ്പകൽ കവർച്ച നടത്തി രക്ഷപെട്ടു. അഹമ്മദാബാദിലെ കൃഷ്ണനഗറിലെ ഒരു തെരുവിലാണ് സംഭവം പട്ടാപ്പകൽ നടന്ന ഈ കവർച്ചയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്ത്രീവേഷം ധരിച്ചെത്തിയ ഒരു കള്ളൻ 23 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വെള്ളി ആഭരണങ്ങളാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്.
സ്ത്രീയുടെ വേഷത്തിൽ എത്തിയ മോഷ്ടാവ് മുഖവും മറച്ചിരുന്നു. ആ സമയത്ത് ഒരു സ്കൂട്ടറിൽ വെള്ളി ആഭരണങ്ങൾ നിറച്ച ബാഗുമായി ഒരു ജ്വല്ലറി ജീവനക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു. സ്ത്രീവേഷത്തിലെത്തിയ മോഷ്ടാവ് പൊടുന്നനെ അയാളുടെത് സ്കൂട്ടറിൽ മുന്നിൽ വച്ചിരുന്ന ബാഗുമെടുത്ത് ഓടുകയായിരുന്നു. പിന്നീട് ഒരു ടുവീലറിൽ കയറി ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു.
സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പിന്നീട് വൈറലാവുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങളിൽ ജ്വല്ലറി ജീവനക്കാരൻ ആഭരണം നിറച്ച ബാഗുമായി സ്കൂട്ടറിൽ ഇരിക്കുന്നതും കള്ളൻ അടുത്തെത്തി നൊടിയിടയിൽ അവിടെ നിന്നും രക്ഷപ്പെടുന്നതും കാണാം. കുറച്ചപ്പുറം നിർത്തിയിട്ട ടുവീലറിലാണ് ഇയാൾ രക്ഷപ്പെട്ടത്. ആ സമയത്ത് ജ്വല്ലറി ജീവനക്കാരൻ എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലാവാതെ നിൽക്കുകയാണ്.
പിന്നീട്, കടയിൽ നിന്നും ആളുകൾ ഓടിക്കൂടുന്നതും ഇയാൾ സ്കൂട്ടറിൽ കള്ളനെ പിന്തുടരുന്നതും കാണാം. 23 ലക്ഷം വില വരുന്ന 28 കിലോഗ്രാം ആഭരണങ്ങളാണ് മോഷണം പോയത്. ഇയാൾ പിന്നീട് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

































