ആലപ്പുഴ: നാടിൻ്റെ കരുതലിന് കാത്തുനിന്നില്ല ആഷ്ന ദൈവ ലോകത്തേക്ക് യാത്രയായി. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് വാഴപ്പനാട് അഷറഫിൻ്റെ മകൾ ആഷ്ന (19) ആണ് ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രം രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവൃപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവേ ഇന്നലെ പകൽ ഒരു മണിയോടെ മരിച്ചത്.
വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി ഗുരുതരാവസ്ഥയിലാകുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും, മാസങ്ങളായി ഭക്ഷണം ജീവൻ നിലനിർത്താൻ പോലും കഴിക്കാൻ സാധിക്കാതിരുന്നതിനാൽ ആസിഡ് ക്രമാതീഥമായി വർദ്ധിച്ച് രക്തത്തിൽ കലർന്നും കരളിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചും രോഗം കൂടുതൽ ഗുരുതരമാകുകയുമായിരുന്നു.
നിർധന കുടുംബത്തെ സഹായിക്കാൻ അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ ചികിത്സാസഹായ സമിതിക്ക് രൂപം കൊടുത്ത് ധനസമാഹരണം നടത്തി വരികയായിരുന്നു. ടി.ടി.സി. കോഴ്സിന് തയ്യാറെടുത്തിരുന്ന ആഷ്ന എന്ന പത്തൊൻപത് വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ നാട് ഒന്നാകെയാണ് കൈകോർത്തത്: നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയാണ് ആഷ്നയുടെ മടക്കം.

































