മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്-65) നിര്യാതനായി. ഹൃദയരോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ ബ്യൂറോകളിൽ റിപ്പോർട്ടറായും ന്യൂസ് ഡെസ്കിലുമായി നാല് പതിറ്റാണ്ടോളം നീണ്ടതായിരുന്നു. എടത്വ ചെക്കിടിക്കാട് കരിക്കംപള്ളിൽ നന്നാട്ടുമാലിൽ പരേതരായ കെ.സി.തോമസ് (ഇൻകംടാക്സ്) – ഗ്രേസിക്കുട്ടി ദമ്പതികളുടെ മകനാണ്. അദ്ദേഹത്തിന്റെ പത്രപ്രവർത്തന ജീവിതം. കേരള രാഷ്‌ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ, ഇടുക്കി തങ്കമണി ഗ്രാമത്തിലെ പൊലീസ് അതിക്രമം പുറംലോകത്തെ അറിയിച്ചത് അദ്ദേഹത്തിന്റെ റിപ്പോർട്ടാണ്
പരമ്പരാഗത തൊഴിലാളികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ച പരമ്പരകളും ശ്രദ്ധേയമായി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് (1992), ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണം (1993), ഇന്ത്യ- യു.എസ് ആണവ ചർച്ചകൾ (2000), കോപ്പൻഹേഗനിലെ യു.എൻ കാലാവസ്ഥ ഉച്ചകോടി (2010) തുടങ്ങിയവ മനോരമക്കായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്‌മാൻ പുരസ്കാരം രണ്ടു തവണ നേടി.

യു.എസിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ ജോൺ എസ്. നൈറ്റ് ഫെലോഷിപ്പും യൂറോപ്യൻ കമീഷന്റെ ലോറൻസോ നടാലി പ്രൈസും നേടിയ ഏക മലയാളി പത്രപ്രവർത്തകനാണ്. ഫ്രാൻസിലെ ക്ലബ് ഓഫ് പ്രസ് ആൻഡ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് ഏർപ്പെടുത്തിയ ഫ്രഞ്ച് ഫ്രീഡംപ്രൈസ്, ബ്രിട്ടനിലെ റോയിട്ടേഴ്സ് ഫൗണ്ടേഷൻ ഫെലോഷിപ്, മനിലയിലെ ഏഷ്യൻ സെന്റർ ഫോർ ജേണലിസം (എ.സി.എഫ്.ജെ) ഫെലോഷിപ്, പാനോസ് സൗത്ത് ഏഷ്യ ഫെലോഷിപ്, ലാഡ്‌ലി മീഡിയ ദേശീയ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ പുരസ്കാരം എന്നിവ നേടി.
കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ല പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഭാര്യ: കൊച്ചുറാണി ജോര്‍ജ് (മുൻ അധ്യാപിക, നിർമല ഭവൻ സ്കൂൾ, തിരുവനന്തപുരം) മക്കള്‍: അമ്മു ജോര്‍ജ് (അസി. പ്രഫ. ക്വീൻസ് യൂനിവേഴ്സിറ്റി ബെൽഫെസ്റ്റ്, യു.കെ), തോമസ് ജോര്‍ജ് (സീനിയർ അസോസിയേറ്റ്, ബെയിൻ ആൻഡ് കമ്പനി, ഡൽഹി). മരുമകന്‍: അരുണ്‍ പുളിക്കന്‍ (ഡിസൈൻ മാനേജർ, ലെവിസ്റ്റോക്ക്, സിംഗപ്പുർ)
മൃതദേഹം വെള്ളിയാഴ്ച 4.30 മുതൽ 5.30 വരെ തിരുവനന്തപുരം പ്രസ്ക്ലബിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷം വട്ടിയൂർക്കാവ്, കല്ലുമലയിലെ കാട്ടാമ്പള്ളി വീട്ടിലെത്തിക്കും. ശനിയാഴ്ച രാവിലെ 11ന് വട്ടിയൂർക്കാവ് എസ്.എഫ്.എസ് പള്ളിയിലെ പ്രാർഥനക്ക് ശേഷം നെട്ടയം, മലമുകൾ സെമിത്തേരിയിൽ സംസ്കരിക്കും.
































