കരകട്ട്: എൻഡിഎ സർക്കാരിനു മൂന്നാമൂഴം ലഭിച്ചാൽ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനം റദ്ദാക്കിയേക്കുമെന്ന സൂചന നൽകി മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്‌വാഹ. നിലവിലുള്ള സംവിധാനം പൂർണമായും ജനാധിപത്യ വിരുദ്ധമെന്നു രാഷ്‌ട്രീയ ലോക് മോർച്ച നേതാവു കൂടിയായ കുശ്‌വാഹ പറഞ്ഞു. ബിഹാറിലെ കരകട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത എൻഡിഎ തെരഞ്ഞെടുപ്പു റാലിയിലാണ് കുശ്‌വാഹയുടെ വിമർശനം. കരകട്ടിലെ എൻഡിഎ സ്ഥാനാർഥികൂടിയാണു കുശ്‌വാഹ.
കൊളീജിയം സംവിധാനത്തിനു നിരവധി കുറവുകളുണ്ട്. അതു ജനാധിപത്യ വിരുദ്ധമാണ്. ദളിതർക്കും ഒബിസി വിഭാഗത്തിനും മാത്രമല്ല, സവർണ വിഭാഗത്തിലെ പാവപ്പെട്ടവർക്കും ജഡ്ജി പദവിയിലേക്കുള്ള വഴിയടയ്ക്കുകയാണു കൊളീജിയം. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ബെഞ്ചുകളുടെ ഘടന നോക്കിയാൽ ഏതാനും കുടുംബങ്ങളിലെ അംഗങ്ങൾക്കാണു മേധാവിത്വമെന്നു വ്യക്തം. അതുകൊണ്ടാണ് ഈ സംവിധാനം വിമർശിക്കപ്പെടുന്നത്”- കുശ്‌വാഹ പറഞ്ഞു.
ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ മാനവ വിഭവശേഷി വികസന സഹമന്ത്രിയായിരുന്ന കുശ്‌വാഹ 2014ൽ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ നിയമന (എൻജെഎസി) ബില്ലിനെക്കുറിച്ചും പരാമർശിച്ചു. ചില കാരണങ്ങളാൽ ആ നിയമം സുപ്രീം കോടതി റദ്ദാക്കി. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെപ്പോലുള്ളവരിൽ നിന്ന് ഒരിക്കലും സാമൂഹിക നീതി പ്രതീക്ഷിച്ചുകൂടാ. യുപിഎ ഭരണത്തിലുള്ളപ്പോൾ പ്രധാനപ്പെട്ട സഖ്യകക്ഷിയായിരുന്നു ആർജെഡി. ലാലു സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. എന്നാൽ, കൊളീജിയത്തിനെതിരേ ഒരുവാക്കു പോലും മിണ്ടാൻ അദ്ദേഹം തയാറായില്ല. ജയിലിനും ജാമ്യത്തിനുമിടയിൽ കഴിയുന്ന ലാലുവിനെപ്പോലുള്ളവരിൽ നിന്ന് ഇത്തരം കാര്യങ്ങളിൽ മൂല്യാധിഷ്ഠിത സമീപനം പ്രതീക്ഷിക്കാനാവില്ല.

































