കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് ശമനമുണ്ടാകുമെന്ന് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ഇന്ന് ഒരു ജില്ലകളിലും റെഡ് അലർട്ട് ഇല്ല. എങ്കിലും അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആറു ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് തുകൊണ്ട് അർത്ഥമാക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ഈ ന്യൂനമർദ്ദം നാളെ രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് വടക്കു-കിഴക്കു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് വടക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

































