കൊച്ചി: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ പരേഡ് ഇന്നു വീണ്ടും നടത്തും. ഉച്ചകഴിഞ്ഞു മൂന്നിന് കാക്കനാട്ടെ ജില്ലാ ജയിലിലാണു പരേഡ്.
കഴിഞ്ഞയാഴ്‌ച നടന്ന പരേഡിൽ ഹാജരാകാൻ കഴിയാതിരുന്ന സാക്ഷികൾക്കുവേണ്ടിയാണ് വീണ്ടും പരേഡ് നടത്തുന്നത്. സിബിഐയുടെ ആവശ്യം പരിഗണിച്ച് എറണാകുളം സിജെഎം കോടതിയാണ് പരേഡിന് അനുമതി നൽകിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് താനൂർ പോലീസിന്റെ കസ്റ്റഡിയിൽ വെച്ച് താമിർ ജിഫ്രി കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

































