കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാനത്തുനിന്നുള്ള ആദ്യ സംഘം തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടും. ചൊവ്വാഴ്ച പുലര്‍ച്ച 12.05നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 86 പുരുഷന്മാരും 80 വനിതകളുമടങ്ങുന്ന 166 അംഗ സംഘമാണ് യാത്ര തിരിക്കുക. ഇവര്‍ സൗദി സമയം പുലര്‍ച്ച 3.50ന് ജിദ്ദയിലെത്തും.
തിങ്കളാഴ്ച രാവിലെ 10ന് കരിപ്പൂരിലെത്തുന്ന ആദ്യ സംഘത്തെ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിമാനത്താവള ഉദ്യോഗസ്ഥര്‍, വളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. വിമാനത്താവളത്തിലെ പില്ലര്‍ നമ്പര്‍ 10ല്‍ എത്തുന്ന തീര്‍ഥാടകര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൗണ്ടറില്‍ ലഗേജ് കൈമാറും. ഇവിടെനിന്ന് തീര്‍ഥാടകര്‍ക്ക് പേര്, കവര്‍ നമ്പര്‍, യാത്രതീയതി എന്നിവ രേഖപ്പെടുത്തിയ ബാഡ്ജ് നല്‍കും. തുടര്‍ന്ന് ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിലാണ് തീര്‍ഥാടകരെ ഹജ്ജ് ഹൗസിലുള്ള ക്യാമ്പിലെത്തിക്കുക
ആദ്യ വിമാനത്തിലെ യാത്രക്കാര്‍ പ്രാർഥന, ഭക്ഷണം എന്നിവക്കു ശേഷം രാത്രി എട്ടിന് ഹജ്ജ് ക്യാമ്പില്‍നിന്ന് വിമാനത്താവളത്തിലേക്ക് തിരിക്കും. രണ്ടാമത്തെ വിമാനം ചൊവ്വാഴ്ച രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വൈകിട്ട് 4 മണിക്ക് നടക്കും
യാത്രതിരിക്കുന്നത് 17,883 തീര്‍ഥാടകര്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ ഹജ്ജിന് പോകുന്നത് 17,883 തീര്‍ഥാടകര്‍. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തുനിന്ന് ഇത്രയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. ഇവരില്‍ 10,604 പേര് വനിതകളും 7279 പേര് പുരുഷന്മാരുമാണ്. രണ്ട് വയസ്സിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും തീര്‍ഥാടക സംഘത്തില്‍ ഉള്‍പ്പെടും. തീർഥാടകരില്‍ 1250 പേര് 70 വയസ്സ് കഴിഞ്ഞവരും 3582 പേര് ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തില്‍നിന്നുള്ളവരും ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവരുമാണ്.

































