മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു. മുൻ ധാരണ പ്രകാരം രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിയാമെന്ന കരാർ എ.കെ ശശീന്ദ്രൻ പാലിക്കുന്നില്ലെന്നും തന്‍റെ ഔദാര്യത്തിലാണ് അദ്ദേഹം മന്ത്രിയായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി തോമസ് കെ. തോമസ് എംഎൽഎ രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശിയ നേതൃത്വം മുൻകൈയെടുത്ത് ഉണ്ടാക്കിയ കരാർ പാലിച്ചേ മതിയാകൂവെന്നാണ് തോമസ് കെ. തോമസിന്‍റെ ആവശ്യം.
രണ്ടരവർഷം കഴിയുമ്പോൾ എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാമെന്ന കരാർ ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന എ.കെ.ശശീന്ദ്രൻ മന്ത്രിയായി തുടരണോ എന്ന് സ്വയം തീരുമാനിക്കണം.കുട്ടനാട്ടിൽ നിന്ന് താൻ കൂടി ജയിച്ചത് കൊണ്ടാണ് മന്ത്രിസ്ഥാനം കിട്ടിയത്. ഒറ്റ എം.എൽ.എ മാത്രമായിരുന്നെങ്കിൽ രണ്ടരവർഷമേ കിട്ടുകയുള്ളു. തോമസ് കെ. തോമസിന്‍റെ ഔദാര്യത്തിലാണ് മന്ത്രിയായിരിക്കുന്നതെന്ന് ശശീന്ദ്രൻ ഓർക്കണം. തന്‍റെ ആവശ്യത്തിൽ എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത്. കരാറുണ്ടോ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കട്ടെ. കോൺഗ്രസ് വിട്ട് എൻസിപിയിലേക്ക് വന്ന് സംസ്ഥാന അധ്യക്ഷനായ പി.സി. ചാക്കോയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും തോമസ് കെ. തോമസ് കുറ്റപ്പെടുത്തി.

































