പനാജി: ഭരണഘടനയിൽ എഴുതിയിരിക്കുന്നതുപോലെ ഇന്ത്യയെ സംരക്ഷിക്കുന്നതിനു പകരം ‘ഇന്ത്യ എന്ന ഏകശിലാത്മക ആശയം’ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എംപിയും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ ശശി തരൂർ.
കോൺഗ്രസിന്റെ ലോക്‌സഭാ സ്ഥാനാർഥി ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസിനെ പിന്തുണച്ച് സൗത്ത് ഗോവയിലെ വെർണയിൽ നടന്ന പൊതുയേഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 65 വർഷം കൊണ്ട് ഞങ്ങൾ കെട്ടിപ്പടുത്ത എല്ലാ വിലയേറിയ മൂല്യങ്ങളും ഇപ്പോൾ ഭീഷണിയിലാണെന്നും തരൂർ ആശങ്കപ്പെട്ടു.
ഞാൻ എന്റെ ബാല്യകാലം ചിലവഴിച്ചത് ബോംബെയിലാണ്, അവിടെ എന്റെ സഹപാഠികൾ എല്ലാ മതക്കാരുമായിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളോട് ഒരിക്കലും മതത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. നാമെല്ലാവരും ബഹുമതവും ബഹുഭാഷകളും ഉള്ള ഒരു രാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരാണ്. അ ദ്ദേഹം പറഞ്ഞു.
സമത്വം എന്ന ആശയത്തോടല്ല, പകരം ഹിന്ദി, ഹിന്ദുത്വ ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യത്തിന് അർപ്പണബോധമുള്ള ഒരു പാർട്ടിയെയാണ് ഇന്ന് നാം കാണുന്നത്. ഇന്ത്യ എന്ന ഏകശിലാത്മകമായ ആശയമാണ് ബിജെപി സൃഷ്ടിക്കുന്നതെന്നും തരൂർ കുറ്റപ്പെടുത്തി.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. ഒരു പാർട്ടി, ഒരു നേതാവ്, ഒരു മതം, ഒരു ദൈവം, എല്ലാം ഒരാൾ ആയിരിക്കണമെന്നും എല്ലാറ്റിനെയും നിയന്ത്രിക്കാൻ ഒരു ഭരണാധികാരിയായിരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. എന്നാൽ അത് അങ്ങനെയല്ല, ഭരണഘടനയിൽ ബാബാസാഹെബ് അംബേദ്‌കർ എഴുതിയ താണ് ഇന്ത്യ എന്ന ആശയം കോൺഗ്രസ് എംപി പറഞ്ഞു.
ഭീഷണി നേരിടുന്ന നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് വേണ്ട തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

































