സ്ത്രീയും പുരുഷനും ഒരു വർഷക്കാലമെങ്കിലും ഒരുമിച്ചു കഴിയുകയും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്ത ശേഷവും കുട്ടികൾ ഉണ്ടാകാത്ത അവസ്ഥയെയാണ് “വന്ധ്യത” എന്നു പൊതുവിൽ പറയുന്നത്.
വിവാഹിതരായ ദമ്പതികളിൽ 10 ശതമാനത്തിലേറെ പേർക്ക് വന്ധ്യത ഉണ്ടാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വന്ധ്യത അനുഭവിക്കുന്ന ദമ്പതികളിൽ 40 ശതമാനത്തോളം പുരുഷന്റെ ആരോഗ്യ പ്രശ്നങ്ങളും, മറ്റൊരു 40 ശതമാനം സ്ത്രീയുടെ ആരോഗ്യപ്രശ്നങ്ങളും കൊണ്ടുണ്ടാകുന്നതാകാം. ബാക്കിയുള്ള 20% സംഭവങ്ങളിൽ വന്ധ്യതയ്ക്ക് വ്യക്തമായ ഒരു കാരണവും കണ്ടെത്താൻ കഴിയാറില്ല. ഏകദേശം 10% സംഭവങ്ങളിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും മനസ്സിലാക്കിയിട്ടുണ്ട്.
പുരുഷന്മാരുടെ വൃഷണ വികാസത്തിന്റെ തകരാറുകൾ, വെരിക്കോസ്സീൽ ഹോർമോൺ തകരാറുകൾ, ഉദ്ധാരണശേഷി ഇല്ലായ്മ എന്നിവയൊക്കെ വന്ധ്യതയ്ക്ക് കാരണമാകാം.
സ്ത്രീകളിൽ അണ്ഡ വിസർജനത്തിനുള്ള തകരാറുകൾക്ക് കാരണമാകുന്ന പോളിസിസ്റ്റിക് ഓവറി രോഗം, ഗർഭാശയത്തിലെ തകരാറുകൾ, അണ്ഡാശയത്തിൽ ഗർഭാശയത്തെ ബന്ധിപ്പിക്കുന്ന ഫലോപ്പിയൻ ട്യൂബിലെ തകരാറുകൾ, ഹോർമോൺ പ്രശ്നങ്ങൾ എന്നിവ വന്ധ്യതയ്ക്ക് കാരണമാകാം എന്നാണ് ശാസ്ത്രിയ ലേഖനങ്ങളിൽ കാണുന്നത്.
വന്ധ്യത സ്ത്രീകളിൽ ഏറ്റവും വിഷമമുണ്ടാക്കുന്ന ഒന്നാണ്.
50% സ്ത്രീകളിലും വന്ധ്യത അവരുടെ ജീവിതത്തിലെ ഏറ്റവും അധികം വിഷമം ഉണ്ടാക്കുന്ന യാഥാർത്ഥ്യവുമാണ്. എന്നാൽ പുരുഷന്മാരിൽ 15 ശതമാനം പേർക്ക് മാത്രമേ അങ്ങനെ ഒരു അഭിപ്രായം ഉള്ളതായി അറിയാൻ കഴിഞ്ഞുള്ളു.
വന്ധ്യതയ്ക്ക് ചികിത്സ തേടുന്ന സ്ത്രീകളിൽ 25 ശതമാനത്തോളം പേരിൽ ഉത്കണ്ഠാ രോഗങ്ങളും 20 ശതമാനം പേരിൽ വിഷാദരോഗവും കണ്ടുവരുന്നുണ്ട്.
വന്ധ്യതയിലേക്ക് നയിക്കാൻ സാധ്യതയുള്ള രോഗാവസ്ഥകളും മാനസിക പ്രശ്നങ്ങളും ഇന്നു കൂടുതലായി കണ്ടു വരുന്നുണ്ട്.
വിഷാദവും, സാമൂഹ്യ സാഹചര്യങ്ങളെ നേരിടുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠയും ഹോർമോണിന്റെ അളവിൽ വ്യതിയാനങൾ ഉണ്ടാക്കുന്നു. അത് വിഷാദത്തിലേക്ക് നയിക്കുന്നു. ഇവയെല്ലാം വന്ധ്യത കൂടുതൽ കലുഷമാക്കാനും ഇടയാക്കിയേക്കാം. സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുന്ന ഇന്നത്തെ സാമൂഹിക പ്രവണത ഒരിക്കലും വസ്തുതകൾക്കു നിരക്കുന്നതല്ല, ശരിയുമല്ല.

































