പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ബിജെപി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മോഹം ആർക്കുമാകാമല്ലോ. കേരളത്തിൽ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാരീച വേഷത്തിൽ വന്നു കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു പ്രധാനമന്ത്രി വിചാരിക്കരുത്. ഉള്ളിലെ ഉദ്യേശമെന്തെന്ന് എല്ലാവർക്കുമറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം ഏറെ രസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ സംവിധാനം ഉപയോഗിച്ചെന്നു മോദി ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.ഇടതുവലതു മുന്നണികൾ സംസ്ഥാനത്തെ പുറകോട്ട് വലിക്കുന്നു. കേരളത്തിൽ അക്രമം സാധാരണ സംഭവമായി. കേരള സർക്കാരിന് അഴിമതിയിലാണ് താത്പര്യം. ബംഗാളും ത്രിപുരയും അവർ നശിപ്പിച്ചു. ഇപ്പോൾ കേരളത്തെയും. കോളെജ് ക്യാംപസുകൾ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നു. സിപിഎമ്മുകാർ പാവങ്ങളുടെ കോടികൾ കൊള്ളയടിച്ചു. വിവാഹം പോലും മുടക്കി പാവപ്പെട്ട പെൺകുട്ടികളെ വിഷമത്തിലാക്കി. ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയെന്നും മോദി പറഞ്ഞിരുന്നു.

































