നിർണ്ണായകമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകളിലേക്കാണ് കടക്കാനിരിക്കുന്നത്
ഒന്നരമാസം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതോടെ സമാപനമാകും. പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം അലതല്ലി. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും നിറങ്ങളാൽ സമ്പന്നമായി.
ആവേശം അലതല്ലിയപ്പോൾ പലയിടത്തും സംഘർഷങ്ങളിലേക്കും വഴി വെച്ചു. മലപ്പുറം കുന്നുമ്മലിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷത്തിൽ കല്ലേറിൽ സി ആർ മഹേഷ് എംഎൽഎ ക്കും 4 പോലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാവേലിക്കര ചെങ്ങന്നൂരിലും പാർട്ടി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പരസ്യ പ്രചാരണത്തിൻ്റെ അവസാന നിമിഷങ്ങളിൽ ആവേശം പകർന്ന് സ്ഥാനാർത്ഥികളുമെത്തി. തുറന്ന വാഹനങ്ങളിലും ക്രെയിനുകളിലും ഒക്കെയായി സ്ഥാനാർത്ഥികൾ പ്രവർത്തകരുടെ ആവേശത്തിനൊപ്പം നിന്നു.
വിവിധയിടങ്ങളിൽ സംഘർഷ സാധ്യത ഒഴിവാക്കാൻ വിവിധ മുന്നണികൾക്ക് വ്യത്യസ്ത ഏരിയകൾ നൽകിയിരുന്നു. അവസാന മിനുട്ടിലേക്ക് നീങ്ങിയപ്പോൾ തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽ മഴയുമെത്തി. തിമിർത്തുപെയ്ത മഴയിൽ ആവേശം അണപൊട്ടി.

































