തിരു.: ലോകബാങ്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ശാസ്ത്രേതര വിഷയങ്ങൾക്കും പഠനലാബുകൾ വരുന്നു. മാധ്യമപഠനം, ഭൗമശാസ്ത്രം, ഗണിതം, മനഃശാസ്ത്രം എന്നിവയിൽ പ്രായോഗികപഠനം സാധ്യമാക്കാനാണ് ഈ ലാബുകൾ.
പൊതുവിദ്യാഭ്യാസ മികവിനായി സമഗ്രശിക്ഷാ കേരളം (എസ്എസ്കെ) നടപ്പാക്കുന്ന ലോകബാങ്ക് പദ്ധതിയായ സ്റ്റാർസിനു കീഴിൽ ഇതിനായി 10 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളുകളിലാണ് പദ്ധതി.
ഈ നാലു വിഷയങ്ങളിലും നിലവിൽ പ്രാക്ടിക്കൽ പരീക്ഷയുണ്ടെങ്കിലും പ്രായോഗികപഠനം സാധ്യമാവുന്നില്ല. ഇതു പരിഹരിക്കാനാണ് ‘സ്റ്റാർസ് ലാബ്’. ഗണിതം-69, മാധ്യമപഠനം-46, ഭൗമശാസ്ത്രം-33, മനഃശാസ്ത്രം-22 എന്നിങ്ങനെയാണ് സ്കൂളുകൾക്ക് അനുവദിച്ചിട്ടുള്ള ലാബുകൾ.
ഓരോന്നിലും വേണ്ട സാങ്കേതിക ഉപകരണങ്ങൾ വാങ്ങാൻ പ്രത്യേകം തുക അനുവദിക്കും. മനഃശാസ്ത്രം- 7.98 ലക്ഷം രൂപ, ഗണിതം- 6.76 ലക്ഷം, മാധ്യമം- ആറുലക്ഷം, ഭൗമശാസ്ത്രം- 2.92 ലക്ഷം എന്നിങ്ങനെയാണ് ഓരോ സ്കൂളിനും നിശ്ചയിച്ചിട്ടുള്ള തുക.
മാധ്യമപഠനത്തിനായി ക്യാമറകൾ, എഡിറ്റിങ് സംവിധാനം, വയർലെസ് മൈക്രോഫോൺ, ലാപ്‌ടോപ്പ്, ഹോം തിയേറ്റർ, മിനി തിയേറ്ററിനുള്ള പ്രൊജക്ടർ, സ്‌ക്രീൻ തുടങ്ങിയവ ലാബുകളിൽ വേണമെന്നാണ് നിർദ്ദേശം.
ഭൗമപഠന ലാബുകളിൽ ടെലിസ്കോപ്പ്, ബൈനോക്കുലർ, മൾട്ടിമീഡിയ പ്രൊജക്ടർ, ഡിടിഎസ് ശബ്ദസംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാവും. ഓർമ്മ, ശ്രദ്ധ, ചിന്ത, വ്യക്തിത്വം, സർഗാത്മകത, അഭിരുചി തുടങ്ങിയ മനോവികാസങ്ങൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ മനഃശാസ്ത്ര ലാബുകളിൽ ഉണ്ടാവും. സമാനമായ ഉപകരണങ്ങൾ ഗണിതലാബുകളിലും ഉറപ്പാക്കും. ലാബ് പ്രവർത്തനം അനുസരിച്ച് പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും.































