അച്ചടിച്ചതിനുള്ള പ്രതിഫലം നൽകാത്തതിനാൽ പ്രസുകൾ പ്രിന്റിംഗ് നിർത്തിയതിനെത്തുടർന്ന് സംസ്ഥാനത്തു കെട്ടിക്കിടക്കുന്നത് ഇരു പതുലക്ഷത്തോളം ആർസി ബുക്കിനുള്ള അപേക്ഷകൾ.
ദിവസം 40,000 ആർസി ബുക്കുകൾ അച്ചടിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരാശയാണു ഫലം. പ്രസുകൾക്കു കുടിശിക നൽകാത്തതിനാൽ കഴിഞ്ഞ ഡിസംബർ മുതൽ ആർസി ബുക്ക് അച്ചടി നിർത്തിവച്ചിരിക്കുകയാണ്. 13.50 കോടി രൂപയാണു പ്രസുകൾക്കു നൽകാനുള്ളത്. ആർസി ബുക്ക് അയച്ച ഇനത്തിൽ തപാൽ വകുപ്പിനു നൽകാനുള്ളത് അഞ്ചു കോടിയും. കഴിഞ്ഞ ആറുമാസമായി പണം നൽകുന്നില്ല.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായി പറയുന്നത്. വാങ്ങുന്ന വാഹനത്തിനു യഥാസമയം ആർസി ബുക്ക് ലഭിക്കാത്തതിനാൽ ലക്ഷക്കണക്കിനു ആർസി ട്രാൻസ്‌ഫർ അപേക്ഷകളാണ് പ്രിൻ്റ് ചെയ്യാതെ കെട്ടിക്കിടക്കുന്നത്.
ടാക്സി വാഹനങ്ങൾക്ക് അടക്കം ആർസി ബുക്ക് ലഭിക്കാത്തതിനാൽ സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതമായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആർസി ഉടമകൾ വഴിയാധാരമായി ഒരു ടാക്‌സി വാഹനം അദർ സ്റ്റേറ്റ് പെർമിറ്റ് എടുത്ത് ട്രിപ്പ് നടത്തണമെങ്കിൽ ആർസി ബുക്ക് സബ്‌മിറ്റ് ചെയ്ത് വേണം താത്‌കാലിക പെർമിറ്റ് എടുക്കാൻ. അതിനു സാധിക്കാത്ത സാഹചര്യമാണു നിലനിൽക്കുന്നത്.
ഇൻഷ്വറൻസ്, ഫിറ്റ്നസ് എന്നിവയ്ക്ക് ഈ സാഹചര്യത്തിൽ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ ഉടമകൾ പ്രതിസന്ധിയിലാണ്. ഇൻഷ്വറൻസ് നെയിം ട്രാൻസ്‌ഫർ ചെയ്‌താൽ മാത്രമേ വാഹന ഉടമകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ. യഥാസമയം ആർസി ബുക്ക് ലഭിക്കാത്തതിനാൽ ഇൻഷ്വറൻസ് നെയിം ട്രാൻസ്‌ഫറും നടക്കുന്നില്ല.

































