എറണാകുളം കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ – വെള്ളക്കെട്ട് സാധ്യതകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിയാണിത്. കളമശ്ശേരി സഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്ളിമെൻ്റേഷൻ കമ്മിറ്റി പദ്ധതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. പൊട്ടച്ചാൽ തോടിൻ്റെ സമഗ്ര നവീകരണം പദ്ധതിയിലൂടെ സാധ്യമാകും.
വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മാപ്പിംഗ് നടത്തിയത് ജലവിഭവ വകുപ്പാണ്. ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവൻ സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപന. കൽവർട്ടും പുന:സ്ഥാപിക്കും. പ്രളയജലം നിൽക്കാൻ സാധ്യതയുള്ള ഉയർന്ന വിതാനം അടിസ്ഥാനമാക്കിയാണ് ബോക്സ് കൽവർട്ട് സ്ഥാപിക്കുക. 1037 മീറ്റർ ദൈർഘ്യത്തിൽ തോടിൻ്റെ വീതി കൂട്ടും.































