വൈക്കം: കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു. കുടവെച്ചൂർ ദേവിവിലാസം സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ തലയാഴം കൂവം അച്ചുതാലയത്തിൽ വേണുവിൻ്റെ മകൻ അശ്വിൻ (14) ആണ് മരിച്ചത്. വൈക്കം ഉല്ലല കാളിശ്വേരം ക്ഷേത്രക്കുളത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം.
ട്യൂഷൻ കഴിഞ്ഞു മടങ്ങിയെത്തിയ അശ്വിൻ, കൂട്ടുകാർ കുളിക്കുന്നത് കണ്ട് കുളത്തിലേക്ക് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. നീന്തുന്നതിനിടെ അശ്വിൻ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് തടാകത്തിൽ നിന്ന് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം നിലവിൽ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.































