രാജ്യത്ത് തന്നെ കൂടുതൽ കാലം അഭിഭാഷകനായി ജോലി ചെയ്ത് ഗിന്നസ് നേട്ടവുമായി പാലക്കാട്ടെ മുതിർന്ന അഭിഭാഷകൻ അഡ്വ. പി.ബി. മേനോൻ. 98 വയസ്സുള്ള മേനോന് 73 വർഷവും 60 ദിവസവും പ്രാക്ടീസ് ചെയ്ത മികവുണ്ട്. ഇപ്പോഴും അഭിഭാഷകവൃത്തി തുടരുന്ന മേനോൻ സഹപ്രവർത്തകർക്കെല്ലാം പ്രിയപ്പെട്ട സീനിയറാണ്. കൃത്യം രാവിലെ ആറിന് അദ്ദേഹം ഓഫിസിലെത്തും. കോടതിയിൽ ആദ്യമെത്തുന്ന അഭിഭാഷകരിലൊരാളും ഇദ്ദേഹം തന്നെ. പാലക്കാട് പുത്തൂർ റോഡ് റോസ് ലാൻഡിൽ പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യ മേനോൻ എന്ന പി.ബി. മേനോൻ സിവിൽ കേസുകളിലാണ് മികവ് തെളിയിച്ചത്.
പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഇന്നും ചിട്ടകളിൽ മാറ്റമില്ലാതെ തുടരുന്നതാണ് തന്റെ വിജയമെന്ന് പറയുന്നു മേനോൻ. നിയമസംബന്ധിയായ ഓരോ പുതിയ വിവരവും തന്റെ നോട്ട് ബുക്കിൽ ചെറിയ അക്ഷരത്തിൽ കുറിച്ച് സൂക്ഷിക്കുന്ന ഇദ്ദേഹം പുതുതലമുറക്ക് ഓടിയെത്താവുന്ന റഫറൻസ് കൂടിയാണ്. തന്റെ ശേഖരത്തിലെ നിയമപുസ്തകങ്ങളിൽ ഭൂരിഭാഗവും അദ്ദേഹം പാലക്കാട് ബാർ അസോസിയേഷന് കൈമാറിയിരുന്നു.

































