കടുങ്ങല്ലൂർ: പാചകവാതക സിലിണ്ടർ പരിശോധിക്കുന്നതിനിടെ തീപിടിച്ചുണ്ടാ അപകടത്തിൽ മൂന്നുപേർക്ക് പൊള്ളലേറ്റു. മുപ്പത്തടം പഞ്ചായത്ത് ഓഫിസിന് സമീപം എരമം റോഡിൽ വിജയന്റെ വീട്ടിൽ വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. സിലിണ്ടറിൽ നിന്ന് ഗ്യാസ് വരുന്നതിന് തടസമുണ്ടായിരുന്നു. ഇതെ തുടർന്ന് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന തൊഴിലാളിയായ മുപ്പത്തടം കാട്ടിപ്പറമ്പിൽ ഷെമീർ സിലിണ്ടർ പരിശോധിക്കുകയായിരുന്നു. അതിനിടയിലാണ് ഗ്യാസ് ചോർന്ന് തീപിടിച്ചത്. ഷമീറിനും വിജയന്റെ ഭാര്യ രംഗമണിക്കുമാണ് കൂടുതൽ പൊള്ളലേറ്റത്. ഇവരുടെ വസ്ത്രങ്ങളിൽ തീപിടിച്ചതാണ് പൊള്ളലിന് കാരണമായത്. തീ പിടിച്ചയുടൻ ഇവർ വീട്ടിൽ നിന്ന് ഓടി പുറത്തിറങ്ങി. അപ്പോൾ തന്നെ വീട്ടിനകത്തെ തീ അണഞ്ഞിരുന്നു. വിജയന്റെ പൊള്ളൽ സാരമുള്ളതല്ല. വീടിന് തീ പിടിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പൊള്ളലേറ്റവരെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
































