എടത്വ:അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ഗേറ്റിൽ തുടർന്ന് വരുന്ന അറ്റകുറ്റ പണികൾ മൂലം യാത്രക്കാർ വലയുകയാണ്. മൂന്ന് ദിവസം മുമ്പ് അടച്ചതാണ് തകഴി റെയിൽവേ ഗേറ്റ്.ഇതു മൂലം നിരവധി യാത്രക്കാർ ആണ് ഗതാഗത കുരുക്കിൽപെടുന്നത്.കൂടാതെ എറണാകുളം ആലപ്പുഴ ഭാഗത്ത് ഉള്ള ഭക്തർ ചക്കുളത്ത്ക്കാവിൽ പൊങ്കാലയ്ക്ക് എത്തിയിരുന്നത് അമ്പലപ്പുഴ വഴി തിരുവല്ല സംസ്ഥാന പാതയിലൂടെയാണ്. നാളെ നടക്കുന്ന പൊങ്കാലയ്ക്ക് എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ഇതുമൂലം ഹരിപ്പാട് വീയപുരം വഴി മാത്രമെ ഇനി എത്തുവാൻ സാധിക്കുകയുള്ളൂ. മാസങ്ങൾക്ക് മുമ്പ് പൊങ്കാലയുടെ തീയതി പ്രഖ്യാപിച്ചിരുന്നത് ആണ് .ഇന്നലെ വൈകിട്ടോട് അറ്റകുറ്റ പണി പൂർത്തിയാക്കുമെന്ന് റെയിവെ അധികൃതർ അറിയിച്ചിരുന്നെങ്കിലും അതിന് വിപരീതമായി നാളെയും തുടരും.ഇത് ശബരിമല തീർത്ഥാടകരെയും ചക്കുളത്തുകാവിലേക്ക് എത്തുന്ന ഭക്തരെയും ബാധിക്കുമെന്ന് തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.
തിരുവല്ലയിൽ നിന്നുള്ള ബസുകൾ തകഴി ക്ഷേത്രം ജംഗ്ഷൻ വരെയും ആലപ്പുഴയിൽ നിന്നുള്ള ബസുകൾ തകഴി ആശുപത്രി ജംഗ്ഷൻ വരെയും സർവ്വീസ് നടത്തുന്നുണ്ട്. യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ റെയിൽവെ ക്രോസിലുടെ നടന്നാണ് ഇരുവശങ്ങളിലേക്ക് പോകുന്നത്.
തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നിവേദനം നല്കിയിട്ടുണ്ട്. മേൽപ്പാല നിർമ്മാണത്തിന് 35 കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇതിനായി അനുവദിക്കേണ്ടത്. കൂടാതെ സ്ഥലമെടുപ്പിന് മാത്രം 10 കോടി രൂപ വേണ്ടി വരുമെന്ന് ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ വ്യക്തമാക്കി.
































