എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന് സഹായിക്കുന്നതും, ഓരുങ്കൽകടവ്, എരുമേലി ടൗൺ, വലിയമ്പലം ഭാഗം, പൊരിയൻ മല, കരിമ്പിൻതോട് പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ആകെ പ്രയോജനപ്പെടുന്നതുമായ ഓരുങ്കൽതടം- കരിമ്പിൻതോട് റോഡിന്റെ ( എരുമേലി ബൈപ്പാസ് ) ഔപചാരിക ഉദ്ഘാടനം സെപ്റ്റംബർ 18 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. എരുമേലിയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനും.ആന്റോ ആന്റണി എം. പി മുഖ്യ പ്രഭാഷണം നടത്തും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ യോഗത്തിൽ സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ കരാറുകാരനെ ആദരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ് , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിക്കും’
ശബരിമല തീർത്ഥാടന കാലത്തും മറ്റും ഏറെ പ്രയോജനപ്രദമായ ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് ബി എം ആൻഡ് ബി സി നിലവാരത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർ ഒഴികെയുള്ള മറ്റ് വാഹനങ്ങൾക്ക് എരുമേലി ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാൻ കഴിയും എന്നുള്ളതിനാൽ എരുമേലിയുടെ ബൈപ്പാസ് ആയി ഈ റോഡ് ദീർഘദൂര യാത്രക്കാർക്കും മറ്റും ഏറെ സഹായകരമാകും. ഭാവിയിൽ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ എയർപോർട്ടിന് ഏറ്റവും സമീപത്തുകൂടി വരുന്ന പ്രധാന റോഡെന്ന പ്രാധാന്യവും ഈ റോഡിന് കൈവരും. എരുമേലിയുടെ വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായിട്ട് കൂടിയാണ് ബൈപ്പാസ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. മാസ്റ്റർ പ്ലാനിന് ഒന്നാം ഘട്ടമായി അനുവദിച്ചിരിക്കുന്ന 10 കോടി രൂപ വിനിയോഗിച്ച് ടൗൺ പ്രദേശത്തെ റിംഗ് റോഡുകളുടെ വികസനം, കൊച്ചമ്പലവും, വാവര് പള്ളിയുമായി ബന്ധിപ്പിച്ച് ഫ്ലൈ ഓവറും മറ്റും പരിഗണനയിൽ ഉണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

































