ലക്നോ: മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള സംവരണ വിഷയത്തിൽ ഭരണഘടന വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്നില്ല, എന്നാൽ ഇന്ത്യ ബ്ലോക്ക്, പ്രീണന നയത്തിന്റെ ഭാഗമായി, എസ്‌സി/ എസ്‌ടി, ഒബിസി സംവരണത്തിൻ്റെ വിഹിതം മുസ്‌ലീങ്ങൾക്ക് നൽകാൻ ഒരുങ്ങുകയാണെന്നും മോദി പറഞ്ഞു.
കർണാടക മോഡൽ സംവരണം രാജ്യത്ത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് ധൗരഹ്റയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
അവർ ഇത് ചെയ്യാൻ ശ്രമിച്ചാൽ ഞാൻ അവർക്കെതിരെ ഒരു മതിൽ പോലെ നിൽക്കും. കാഷ്‌മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് അവർ പറയുന്നു, പക്ഷേ അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല.’ പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു
തങ്ങൾ അധികാരത്തിലെത്തിയാൽ സൗജന്യ റേഷൻ പദ്ധതി അവസാനിപ്പിക്കുമെന്നും പാവപ്പെട്ടവർക്കുള്ള സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതികൾ നിർത്തുമെന്നും വന്ദേ ഭാരത് ട്രെയിനുകൾ നിർത്തലാക്കുമെന്നും പ്രതിപക്ഷ സംഘം അവകാശപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അവരും രാമക്ഷേത്രത്തെ ആശുപത്രിയാക്കുമോ അതോ കാശി വിശ്വനാഥ് ഇടനാഴി തകർക്കാൻ ശ്രമിക്കുമോ?. ഇത് തടയാൻ നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യേണ്ടിവരും. നിങ്ങൾ ബിജെപിക്ക് ഇടുന്ന ഓരോ വോട്ടും എനിക്ക് വരും. നിങ്ങളുടെ അനുഗ്രഹം തേടാനാണ് ഞാൻ വന്നത്. കാരണം എനിക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്.’ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഉത്തർപ്രദേശിലെ മുൻ സമാജ്‌വാദി പാർട്ടി സർക്കാർ കരിമ്പ് കർഷകരുടെ ജീവിതത്തിൽ കയ്പ്‌പ് ചേർത്തപ്പോൾ യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ പോരായ്‌മകളും നീക്കിയെന്നും അദ്ദേഹം പറഞ്ഞു
സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും പത്ത് വർഷത്തെ ഭരണത്തിൽ നൽകാത്ത അത്രയും തുകയാണ് ഏഴ് വർഷം കൊണ്ട് കരിമ്പ് കർഷകർക്ക് യോഗി ആദിത്യനാഥ് നൽകിയതെന്ന് മോദി പറഞ്ഞു.
സിതാപൂരിലെയും ലഖിംപൂരിലെയും ജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്ത് നടക്കുന്ന വികസനത്തിൽ അഭിമാനിക്കാമെന്ന് നിഘസൻ-ധൗരാഹാര, ഗോല- ഷാജഹാൻപൂർ റോഡുകളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

































